ഫേസ്ബുക്ക് മേധാവി സക്കർബർഗിന് ടിക് ടോക്കിൽ രഹസ്യ അക്കൗണ്ട്; പ്രമുഖരെ ഫോളോ ചെയ്യുന്നു

ചൈനീസ് കമ്പനിയായ ബെെറ്റ് ഡാൻസിന്റെ ആപ്ലിക്കേഷനായ ടിക്ക് ടോക്കിനെ വാങ്ങാനും ദൗത്യം നടക്കാതെ വന്നപ്പോൾ നേരിടാനും രംഗത്തിറങ്ങിയിരുന്നു ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ്. എന്നാൽ സക്കർബർഗിന് ടിക് ടോക്കിൽ രഹസ്യ അക്കൗണ്ട് ഉണ്ടെന്നാണ് പുതിയ വിവരം. വീഡിയോകളൊന്നും പോസ്റ്റ് ചെയ്യാത്ത അക്കൗണ്ട് സക്കർബർഗ് എന്തിനാണുണ്ടാക്കിയതെന്നാണ് സമൂഹമാധ്യമങ്ങളിലുയരുന്ന സംശയം.
ഫേസ്ബുക്കിന് വൻ വെല്ലുവിളിയർത്തിയിട്ടുണ്ട് അമേരിക്ക പോലും കീഴടക്കിയ ടിക് ടോക്ക്. സക്കർബർഗിന്റെ അക്കൗണ്ട് ഇതുവരെയും വിഡിയോ പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ചിട്ടില്ലെങ്കിലും ഇദ്ദേഹത്തെ 4,055 പേർ പിന്തുടരുന്നുണ്ട്. നിലവിൽ അരിയാന ഗ്രാൻഡെ, സെലീന ഗോമസ് തുടങ്ങി 61 സെലിബ്രിറ്റികളെയാണ് സക്കർബർഗ് പിന്തുടരുന്നത്. ടിക് ടോക്ക് സൂപ്പർതാരങ്ങളായ ലോറൻ ഗ്രേ, ജേക്കബ് സാർട്ടോറിയസ് എന്നിവരെയും ഇദ്ദേഹം ഫോളോ ചെയ്യുന്നുണ്ട്.
2016ൽ സക്കർബർഗ് മ്യൂസിക്കൽലി കമ്പനി മേധാവി അലക്‌സ് ഷുവിനെ കാലിഫോർണിയയിലെ ഫേസ്ബുക്ക് ആസ്ഥാനത്തേക്ക് ക്ഷണിച്ചെങ്കിലും ചർച്ച ഫലവത്തായില്ലെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് ബൈറ്റ്ഡാൻസ് 2017ൽ 800 മില്യൺ ഡോളറിന് മ്യൂസിക്കൽലി വാങ്ങിച്ചു.
വിഡിയോ ആപ്ലിക്കേഷനായ ഡൗയിനുമായി ലയിപ്പിച്ചാണ് ടിക് ടോക്ക് ആപ് ബൈറ്റ്ഡാൻസ് അവതരിപ്പിച്ചത്. ടിക് ടോക്കിന് ഇന്ന് ലോകത്ത് 80 കോടിയിലധികം ഉപയോക്താക്കളുണ്ട്. ഇന്ത്യയിൽ മാത്രം 20 കോടി ആളുകളാണ് ടിക്ക് ടോക്ക് ഉപയോഗിക്കുന്നത്.
ഇന്ത്യയിൽ ടിക് ടോക്ക് ഇൻസ്റ്റാഗ്രാമിനെക്കാൾ മുന്നിലാണെന്ന് സക്കർബർഗ് തന്നെ അടുത്തിടെ സമ്മതിച്ചിരുന്നു. ഫേസ്ബുക്ക് കമ്പനി ആപ്ലിക്കേഷനുകൾ ടിക് ടോക്കിൽ നിന്ന് ശക്തമായ മത്സരം നേരിടുന്നുണ്ട് ഇന്ത്യയിൽ. ടിക് ടോക്ക് നിരോധിക്കാനുള്ള ആഹ്വാനമുണ്ടായിട്ടും ഇപ്പോൾ ഒരു ബില്യൺ ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കാൻ ബൈറ്റ്ഡാൻസ് കമ്പനി പദ്ധതിയിടുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here