മീനച്ചിലാറ്റിൽ കാണാതായ വിദ്യാർത്ഥികളിൽ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

കോട്ടയം പറമ്പുഴയിൽ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥികളിൽ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. കോട്ടയം വടവാതൂർ സ്വദേശി അശ്വിൻ കെ പ്രദീപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പാമ്പാടി മീനടം സ്വദേശി ഷിബിൻ ജേക്കബ്, ചിങ്ങവനം സ്വദേശി അലൻ എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു.
വെളിച്ചക്കുറവ് മൂലം ഇന്നലെ രാത്രിയിൽ നിർത്തിവച്ച തെരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചപ്പോഴാണ് അശ്വിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം.
സുഹൃത്തിന്റെ വീട്ടിലെത്തിയ 8 അംഗ സംഘത്തിലെ മൂന്ന് പേരാണ് പൂവത്തുമൂട് മൈനാപ്പള്ളി കടവില്‍ ഒഴുക്കിപ്പെട്ടത്. പുതുപ്പള്ളി ഐഎച്ച്ആർഡിയിലെ പ്ലസ്ടു വിദ്യാർത്ഥികളായ ഇവർ കുളിക്കുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു. വെള്ളത്തിൽ മുങ്ങിയ ചിങ്ങവനം സ്വദേശിയായ അലനെ രക്ഷിക്കുന്നതിനിടെയാണ് പാമ്പാടി സ്വദേശിയായ ഷിബിനും വടവാതൂർ സ്വദേശിയായ അശ്വിനും ഒഴുക്കിൽപെടുന്നത്. തുടർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മീനച്ചിലാറ്റിൽ ഒഴുക്കുള്ളതിനാൽ മറ്റ് സ്ഥലങ്ങളിലേക്ക് മാറിയും തെരച്ചിൽ നടത്തുന്നുണ്ട്. ഇതിന് മുൻപും നിരവധി പേർ ഇവിടെ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here