ബാംഗ്ലൂർ റിലീസ് ചെയ്തത് 12 താരങ്ങളെ; കൊൽക്കത്ത റിലീസ് ചെയ്തത് ഉത്തപ്പയും ലിന്നും അടക്കം പ്രമുഖരെ: ടീമുകളുടെ മുഖം മിനുക്കൽ ഇങ്ങനെ
ഡിസംബർ 19നു നടക്കുന്ന ഐപിഎൽ താരലേലത്തിനു മുന്നോടിയായി ടീമുകൾ അവസാന വട്ട തയ്യാറെടുപ്പിലാണ്. പല പ്രമുഖരെയും പുറത്താക്കിയ ക്ലബുകൾ ചില താരങ്ങളെ ടീമിലെത്തിക്കുകയും ചെയ്തു. താരങ്ങളുടെ പുതുക്കിയ പട്ടിക ഓരോ ക്ലബുകളും പുറത്തു വിട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണിലായി ഏറ്റവുമധികം വില കിട്ടിയ മൂന്നു താരങ്ങളെ അതാത് ക്ലബുകൾ റിലീസ് ചെയ്തു. ക്രിസ് ലിൻ (കൊൽക്കത്ത), ജയ്ദേവ് ഉനദ്കട്ട് (രാജസ്ഥാൻ), വരുൺ ചക്രവർത്തി (പഞ്ചാബ്) എന്നിവരെയാണ് വരും സീസണിനു മുന്നോടിയായി ടീമുകൾ ഒഴിവാക്കിയത്.
ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ആണ് ഏറ്റവുമധികം താരങ്ങളെ റിലീസ് ചെയ്തത്. കഴിഞ്ഞ സീസണിൽ ബാംഗ്ലൂർ ജേഴ്സി അണിഞ്ഞ 12 താരങ്ങൾ ഇത്തവണ ക്ലബിനൊപ്പം ഉണ്ടാവില്ല. ഡെയിൽ സ്റ്റെയിൻ, ഹെൻറിച് ക്ലാസൻ, മാർക്കസ് സ്റ്റോയിനിസ്, നഥാൻ കോൾട്ടർനെയിൽ, ഷിംറോൺ ഹെട്‌മയർ, ടിം സൗത്തി എന്നീ വിദേശ താരങ്ങൾക്കൊപ്പം അക്ഷദീപ് നാഥ്, ഖുൽവന്ത് ഖെജ്‌രോലിയ തുടങ്ങിയ യുവ ഇന്ത്യൻ താരങ്ങളെയും ബാംഗ്ലൂർ റിലീസ് ചെയ്തു. എബി ഡിവില്ല്യേഴ്സ്, മൊയീൻ അലി എന്നിവർ മാത്രമാണ് ബാംഗ്ലൂരിലെ ഓവർസീസ് കളിക്കാരായി അവശേഷിക്കുന്നത്. ഒപ്പം, കർണാടകക്കായി ആഭ്യന്തര സീസണിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന മലയാളി താരം ദേവദത്ത് പടിക്കൽ, ഹൈദരാബാദ് പേസർ മുഹമ്മദ് സിറാജ് തുടങ്ങിയ താരങ്ങളെ ടീമിൽ നിലനിർത്തിയിട്ടുണ്ട്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും 11 താരങ്ങളെ വീതം റിലീസ് ചെയ്തു. ക്രിസ് ലിൻ, റോബിൻ ഉത്തപ്പ, കാർലോസ് ബ്രാത്‌വെയ്റ്റ്, പീയുഷ് ചൗള എന്നീ മുതിർന്ന താരങ്ങളെ ഒഴിവാക്കിയ കൊൽക്കത്ത ആൻറിച് നോർദേ, ജോ ഡെൻലി, യാര പൃഥ്വിരാജ്, കെസി കരിയപ്പ തുടങ്ങിയ താരങ്ങളെയും റിലീസ് ചെയ്തു. മലയാളി പേസർ സന്ദീപ് വാര്യറും ശിവം മവിയുമടക്കമുള്ളവർ ടീമിൽ തുടരും.
ജയദേവ് ഉനദ്കട്ടിനൊപ്പം ആഷ്ടൻ ടേണർ, സ്റ്റുവർട്ട് ബിന്നി, ലിയാം ലിവിംഗ്‌സ്റ്റൺ, ഒഷേൻ തോമസ്, രാഹുൽ ത്രിപാഠി, ഇഷ് സോധി, മലയാളി താരം എസ് മിധുൻ എന്നിവരെയും രാജസ്ഥാൻ റിലീസ് ചെയ്തു. നേരത്തെ അജിങ്ക്യ രഹാനയെ രാജസ്ഥാൻ ഡൽഹിക്ക് നൽകിയിരുന്നു. ഡൽഹിയിൽ നിന്ന് ലഭിച്ച മയങ്ക് മാർക്കണ്ഡേ, രാഹുൽ തെവാട്ടിയ എന്നീ സ്പിന്നർമാർക്കൊപ്പം പഞ്ചാബിൽ നിന്ന് ലഭിച്ച അങ്കിത് രാജ്പൂതും ടീമിലുണ്ടാവും. മഹിപാൽ ലോംറോർ, മനൻ വോഹ്റ, ബെൻ സ്റ്റോക്സ് തുടങ്ങിയ താരങ്ങളും ടീമിൽ തുടരും.
മുംബൈ ഇന്ത്യൻസ് 10 താരങ്ങളെ റിലീസ് ചെയ്തു. അൽസാരി ജോസഫ്, ബെൻ കട്ടിംഗ്, ആദം മിൽനെ, ബ്യൂറൻ ഹെൻറിക്കസ്, എവിൻ ലൂയിസ്, ജേസൻ ബെഹ്റണ്ടോർഫ്, ബരിന്ദർ സ്രാൻ തുടങ്ങിയവർക്കൊപ്പം കളിയിൽ നിന്ന് വിരമിച്ച യുവരാജും വരും സീസണിൽ മുംബൈ ടീമിൽ ഉണ്ടാവില്ല. നേരത്തെ മയങ്ക് മാർക്കണ്ഡെയെ വിട്ടു നകി ഷെർഫെയിൻ റൂതർഫോർഡിനെ മുംബൈ ടീമിലെത്തിച്ചിരുന്നു. ഒപ്പം ട്രെൻ്റ് ബോൾട്ടും മുംബൈയിലെത്തി. ആദിത്യ താരെ, കീറോൺ പൊള്ളാർഡ്, അനുകുൾ റോയ്, ജയന്ത് യാദവ്, മിച്ചൽ മക്ലാനഗൻ, ജയന്ത് യാദവ്, ലസിത് മലിംഗ തുടങ്ങിയ താരങ്ങളെ മുംബൈ നിലനിർത്തി.
9 താരങ്ങളെയാണ് ഡൽഹി ക്യാപിറ്റൽസ് ഒഴിവാക്കിയത്. കോളിൻ ഇൻഗ്രം, കോളിൻ മൺറോ, ക്രിസ് മോറിസ്, ഹനുമ വിഹാരി, ജലജ് സക്സേന തുടങ്ങിയ താരങ്ങളെയാണ് ഡൽഹി റിലീസ് ചെയ്തത്. നേരത്തെ മയങ്ക് മാർക്കണ്ഡേ, രാഹുൽ തെവാട്ടിയ എന്നിവർക്കു പകരം രാജസ്ഥാനിൽ നിന്ന് അജിങ്ക്യ രഹാനയെ ഡൽഹി ടീമിലെത്തിച്ചിരുന്നു. ജഗദീഷ സുചിതിനെ നൽകി ആർ അശ്വിനെയും ഡൽഹി ടീമിലെത്തിച്ചു. അതോടൊപ്പം ഷെർഫെയിൻ റൂതർഫോർഡ്, ട്രെൻ്റ് ബോൾട്ട് എന്നിവരെ ഡൽഹി കൈമാറ്റം നടത്തുകയും ചെയ്തു. അമിത് മിശ്ര, അവേഷ് ഖാൻ, കീമോ പോൾ, സന്ദീപ് ലമിച്ഛാനെ തുടങ്ങിയ താരങ്ങൾ ടീമിൽ തുടരും.
കിംഗ്സ് ഇലവൻ പഞ്ചാബ് ഏഴു താരങ്ങളെ ഒഴിവാക്കി. വരുൺ ചക്രവർത്തിക്കൊപ്പം സാം കറൻ, ഡേവിഡ് മില്ലർ, മോയിസസ് ഹെൻറിക്കസ്, ആന്ദ്രൂ തൈ തുടങ്ങിയ പ്രമുഖ താരങ്ങൾ ഇത്തവണ പഞ്ചാബിൽ കളിക്കില്ല. നേരത്തെ ഡൽഹി ക്യാപിറ്റൽസിൽ നിന്ന് ജഗദീഷ സുചിതും രാജസ്ഥാനിൽ നിന്ന് കൃഷ്ണപ്പ ഗൗതവും ടീമിലെത്തിയിരുന്നു. ഇവർക്കൊപ്പം സർഫറാസ് ഖാൻ, മുരുഗൻ അശ്വിൻ, മൻദീപ് സിംഗ് തുടങ്ങിയവരും ടീമിലുണ്ടാവും.
ചെന്നൈ സൂപ്പർ കിംഗ്സ് റിലീസ് ചെയ്തത് ആറു താരങ്ങളെയാണ്. മോഹിത് ശർമ്മ, സാം ബില്ലിംഗ്സ്, ഡെവിഡ് വില്ലി തുടങ്ങിയ താരങ്ങൾ ടീമിൽ നിന്ന് പുറത്തായി. മലയാളി താരം കെഎം ആസിഫ്, മുരളി വിജയ്, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, ഹർഭജൻ സിംഗ്, ഇമ്രാൻ താഹിർ, കേദാർ ജാദവ്, ഷെയിൻ വാട്സൺ തുടങ്ങിയ താരങ്ങൾ ടീമിൽ തുടരും.
അഞ്ച് താരങ്ങളെ റിലീസ് ചെയ്ത സൺ റൈസേഴ്സ് ഹൈദരാബാദാണ് വലിയ മാറ്റമില്ലാത്ത ടീം. മാർട്ടിൻ ഗപ്റ്റിൽ, യൂസുഫ് പത്താൻ എന്നിവർക്കൊപ്പം ഐസിസി വിലക്കിയ ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ, ദീപക് ഹൂഡ തുടങ്ങിയ താരങ്ങളാണ് ടീമിൽ നിന്ന് പുറത്തു പോവുക. മലയാളി താരം ബേസിൽ തമ്പി, ഖലീൽ അഹ്മദ്, വൃദ്ധിമാൻ സാഹ തുടങ്ങി പല താരങ്ങളും ടീമിൽ തുടരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here