വയനാട് ദുരഭിമാനക്കൊല; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഐക്യദാർഢ്യ സമ്മേളനം

വയനാട് നീർവ്വാരത്തു നടന്ന ദുരഭിമാനക്കൊലയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഐക്യദാർഢ്യ സമ്മേളനം. നവംബർ 27 ബുധനാഴ്ച വൈകിട്ട് 3 മണിക്ക് പനമരത്താണ് സമ്മേളനം നടക്കുക. അബിൻ ജസ്റ്റിസ് ഫോറത്തിൻ്റെ കീഴിലാണ് സമ്മേളനം. എഴുത്തുകാരനും പാരിസ്ഥിതിക പ്രവർത്തകനുമായ സിആർ നീലകണ്ഠൻ, മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. പിഎ പൗരൻ, ആദിവാസ ഗോത്രനേതാവ് എം ഗീതാനന്ദൻ തുടങ്ങിയർ ചടങ്ങിൽ സംബന്ധിക്കും.
അബിൻ്റെ ദുരൂഹമരണത്തിൽ സമഗ്ര അന്വേഷണം നടത്തുക, കുറ്റവാളികളെ അറസ്റ്റ് ചെയ്യുക, കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുക, അബിൻ്റെ കുടുoബത്തിന് നീതിയും സുരക്ഷയും സാമ്പത്തിക സഹായവും ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളാവും സമ്മേളനത്തിൽ ഉയർത്തുക. സിആർ നീലകണ്ഠൻ ഉദ്ഘാടനം നിർവഹിക്കുമ്പോൾ അഡ്വ. പിഎ പൗരൻ മുഖ്യ പ്രഭാഷണം നടത്തും. എം ഗീതാനന്ദൻ, ഗ്രോ വാസു, അമ്മിണി കെ വയനാട് തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കും.
നേരത്തെ, ട്വന്റിഫോർ വാർത്തയെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. വയനാട് ജില്ലാ പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്നും 30 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു.
2016 ജൂൺ 6നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അബിനെ സുഹൃത്ത് ബന്ധുവീട്ടിൽ നിന്ന് വിളിച്ചിറക്കികൊണ്ടുപോകുകയായിരുന്നു. പിന്നീട് ബൈക്ക് അപകടത്തിൽപ്പെട്ടെന്നും കോഴിക്കോടേക്ക് വിദഗ്ധ ചികിത്സക്ക് കൊണ്ടുപോകണമെന്നുമുളള വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സ തുടരവേ 16ാം ദിവസം അബിൻ മരണപ്പെട്ടു. പേര്യവരയാലിലെ പെൺകുട്ടിയുമായുണ്ടായിരുന്ന അടുപ്പമാണ് മകനെ മരണത്തിലേക്ക് തളളിവിട്ടതെന്നാണ് അബിന്റെ പിതാവ് കരുതുന്നത്. മരിക്കുന്നതിന് തൊട്ടുമുൻപ് സുഹൃത്ത് തന്നെ ചതിച്ചെന്ന് സഹോദരിയോട് അബിൻ പറഞ്ഞെങ്കിലും ഇക്കാര്യം പൊലീസ് മുഖവിലക്കെടുത്തില്ലെന്നാണ് സഹോദരിയും വ്യക്തമാക്കുന്നത്.
സഹോദരിയുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ തലകാണില്ലെന്ന് അബിനെ യുവതിയുടെ സഹോദരൻ ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. അബിൻ വഴങ്ങാതിരുന്നതോടെ സുഹൃത്തിന്റെ സഹായത്തോടെ അപകടത്തിൽപ്പെടുത്തിയെന്നാണ് ബന്ധുക്കൾ ഒന്നടങ്കം വിശ്വസിക്കുന്നത്.യുവതിയുടെ കുടുംബത്തിന് അന്ന് പൊലീസിൽ ഉണ്ടായിരുന്ന അടുത്ത ബന്ധം ഉപയോഗിച്ച് കേസ് അപകടമരണമാക്കി തീർത്തെന്നാണ് അബിന്റെ ബന്ധുക്കൾ വിശ്വസിക്കുന്നത്. കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യമാണ് ബന്ധുക്കൾക്കുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here