Advertisement

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ആര്‍ദ്രം ജനകീയ കാമ്പയിന്‍; ഉദ്ഘാടനം നാളെ

November 17, 2019
Google News 0 minutes Read

സര്‍ക്കാരിന്റെ നവകേരള കര്‍മ്മ പരിപാടികളിലൊന്നായ ആര്‍ദ്രം മിഷന്‍ ജനങ്ങളിലെത്തിക്കാന്‍ ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ആര്‍ദ്രം ജനകീയ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. നാളെ ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റേയും മറ്റ് വകുപ്പുകളുടേയും സഹകരണത്തോടെയാണ് രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ജനകീയ കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ക്കും ജീവിതശൈലീ രോഗങ്ങള്‍ക്കും എതിരായ ശക്തമായ മുന്നേറ്റമാണ് കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്.

ആര്‍ദ്രം മിഷന്റെ ഭാഗമായി സേവന നിലവാരം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തി ആശുപത്രികളെ ജനസൗഹൃദ കേന്ദ്രങ്ങളാക്കി വരികയാണ്. ഇതുകൂടാതെ ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ പിന്തുടരുക, ആരോഗ്യകരമായ ശീലങ്ങളും ജീവിതശൈലിയും വളര്‍ത്തിയെടുക്കുക, ഓരോ വ്യക്തിയുടേയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകള്‍ ഉണ്ടാക്കുക എന്നിവയാണ് കാമ്പയിന്റെ ലക്ഷ്യം.

രോഗ പ്രതിരോധവും ആരോഗ്യ പ്രോത്സാഹനവും, ആരോഗ്യകരമായ ഭക്ഷണം, വ്യായാമവും പ്രവര്‍ത്തനങ്ങളും, മദ്യം, പുകവലി, ലഹരിവസ്തുക്കളുടെ ദുരുപയോഗം അവയുടെ ആസക്തി ഇല്ലാതാക്കുക, ശുചിത്വവും മാലിന്യ നിര്‍മാര്‍ജനവും എന്നീ പ്രവര്‍ത്തനങ്ങള്‍ക്കും ആര്‍ദ്രം ജനകീയ കാമ്പയിനിലൂടെ ഊന്നല്‍ നല്‍കുന്നു.

ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ കൃഷ്ണന്‍ കുട്ടി, എ സി മൊയ്തീന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, വി എസ് സുനില്‍കുമാര്‍, പി തിലോത്തമന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യാതിഥികളാകും. വി എസ് ശിവകുമാര്‍ എംഎല്‍എ, ഡോ. ശശി തരൂര്‍ എംപി, നഗരസഭ മേയര്‍ കെ ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here