കുറഞ്ഞ ചെലവില്‍ മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന റെയില്‍വേ റൂട്ടുകള്‍

ട്രെയിനില്‍ ദീര്‍ഘദൂരം യാത്ര ചെയ്യുന്നതിന് ഇഷ്ടമുള്ളവരാണോ നിങ്ങള്‍. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വിപുലവും ആയ റെയില്‍വേ ശൃംഖലകളിലൊന്നാണ് ഇന്ത്യന്‍ റെയില്‍വേയുടേത്. ചെലവ് കുറഞ്ഞ യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ട്രെയിനുകളിലെ യാത്ര പുതിയ അനുഭവങ്ങളായിരിക്കും സമ്മാനിക്കുക. ഇന്ത്യന്‍ റെയില്‍വേയില്‍ ദീര്‍ഘദൂരം സഞ്ചരിക്കുന്നതും മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്നതുമായ ട്രെയിനുകളും റൂട്ടുകളും ഇവയാണ്.

വിവേക് എക്‌സ്പ്രസ്

ദീര്‍ഘദൂരം സഞ്ചരിക്കുന്ന ട്രെയിനുകളില്‍ പ്രധാനിയാണ് വിവേക് എക്‌സ്പ്രസ്. ആഴ്ചയിലൊരിക്കലാണ് വിവേക് എക്‌സ്പ്രസ് ദിബ്രുഗഡില്‍ നിന്ന് കന്യാകുമാരിക്ക് സര്‍വീസ് നടത്തുന്നത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്നതില്‍ ഒന്നാമത്തെയും ലോകത്തില്‍ 24 ാമത്തെയും ട്രെയിനാണ് വിവേക് എക്‌സ്പ്രസ്. അസമിലെ ദിബ്രുഗര്‍ മുതല്‍ തമിഴ്‌നാടിലെ കന്യാകുമാരി വരെ സര്‍വീസ് നടത്തുന്നു.

തിരുവനന്തപുരം – സിലിച്ചര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്

തിരുവനന്തപുരത്തുനിന്ന് സില്‍ച്ചറിലേക്കുള്ള സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിന്‍ ആഴ്ചയില്‍ ഒരിക്കലാണ് സര്‍വീസ് നടത്തുന്നത്. മുമ്പ് ഇത് തിരുവനന്തപുരം സെന്‍ട്രല്‍ – ഗുവാഹത്തി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് എന്നാണ് അറിയപ്പെട്ടിരുന്നത്. 2017 ല്‍ ഈ ട്രെയിന്‍ റൂട്ട് വിപുലീകരിച്ച് സില്‍ച്ചര്‍ വരെയാക്കി. അസാമിലാണ് സില്‍ച്ചര്‍.

ഹിമസാഗര്‍ എക്‌സ്പ്രസ്

ശ്രീമാതാ വൈഷ്‌ണോ ദേവി കത്ര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കന്യാകുമാരിയിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനാണ് ഹിമസാഗര്‍ എക്‌സ്പ്രസ്. ദൂരത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനമാണ് ഹിമസാഗര്‍ എക്‌സ്പ്രസിനുള്ളത്. ആഴ്ചയിലൊരിക്കലാണ് സര്‍വീസ് നടത്തുന്നത്. 12 സംസ്ഥാനങ്ങളിലൂടെ ട്രെയിന്‍ കടന്നുപോകുന്നു. 3785 കിലോമീറ്ററാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്.

നവയുഗ് എക്‌സ്പ്രസ്

മംഗളൂര്‍ സെന്‍ട്രലില്‍ നിന്ന് ജമ്മു തവ്വി റെയില്‍വേ സ്റ്റേഷനിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനാണ് നവയുഗ് എക്‌സ്പ്രസ്. നാല് ദിവസമാണ് ജമ്മു തവ്വി റെയില്‍വേ സ്റ്റേഷനിലെത്താന്‍ എടുക്കുന്നത്. 59 സ്റ്റേഷനുകളും 3685 കിലോമീറ്ററുമാണ് ട്രെയിന്‍ കടന്നുപോകുന്നത്.

തെന്‍ ജമ്മു എക്‌സ്പ്രസ്

തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നും ജമ്മു കാശ്മീരിലെ ശ്രീമാതാ വൈഷ്‌ണോ ദേവി കത്രയിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനാണ് തെന്‍ ജമ്മു എക്‌സ്പ്രസ്. 3642 കിലോമീറ്ററാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്. 62 സ്റ്റേഷനുകളില്‍ ട്രെയിന് സ്റ്റോപ്പുണ്ട്.

അമൃത്സര്‍ – കൊച്ചുവേളി എക്‌സ്പ്രസ്

അമൃത്സറില്‍ നിന്ന് തിരുവന്തപുരം കൊച്ചുവേളിയിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനാണ് അമൃത്സര്‍ – കൊച്ചുവേളി എക്‌സ്പ്രസ്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ പഞ്ചാബിലെ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഏറെ ഉപകാര പ്രദമായിരിക്കും ഈ ട്രെയിന്‍. ആഴ്ചയിലൊരിക്കലാണ് ട്രെയിന്‍ സര്‍വീസുള്ളത്.

ഹംസഫര്‍ എക്‌സ്പ്രസ്

അഗര്‍ത്തലയില്‍ നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനാണ് ഹംസഫര്‍ എക്‌സ്പ്രസ്. 3570 കിലോമീറ്റര്‍ ദൂരം 64 മണിക്കൂറും 15 മിനിറ്റുകൊണ്ടാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്. 28 സ്റ്റേഷനുകളില്‍ ട്രെയിന് സ്റ്റോപ്പുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More