വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് പൊലീസ്; സർക്കാരിന്റെ മുന്നിലെത്തിയാൽ ഉചിതമായ നടപടിയെന്ന് മുഖ്യമന്ത്രി

കോഴിക്കോട് യുഎപിഎ ചുമത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐഎം പൊളിറ്റ് ബ്യൂറോയ്ക്ക് വിശദീകരണം നൽകി. പൊലീസാണ് വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയതെന്നും വിഷയം സർക്കാരിന്റെ പരിഗണനയ്‌ക്കെത്തുമ്പോൾ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഎപിഎ കരിനിയമമാണെന്ന നിലപാടിൽ മാറ്റമില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള പൊലീസിന്റെ അവകാശത്തിൽ സർക്കാർ ഇടപെടില്ല. വിഷയം വിശദമായി പരിശോധിക്കും. സർക്കാർ ഇടപെടേണ്ട ഘട്ടത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പിബി അംഗങ്ങൾ പറഞ്ഞു.
കോഴിക്കോട് സ്വദേശികളായ അലൻ ശുഹൈബിനേയും താഹ ഫൈസലിനേയും നവംബർ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തി. ഇരുവരും അർബൻ മാവോയിസ്റ്റുകളാണെന്നാണ് പൊലീസ് പറയുന്നത്. ഇരുവർക്കുമെതിരെ മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here