‘വേഗത കുറച്ച് വാഹനം ഓടിച്ചില്ലെങ്കിൽ കരണം അടിച്ച് പൊട്ടിക്കും’; മുന്നറിയിപ്പുമായി നാട്ടുകാരുടെ ഫ്ലക്സ് ബോർഡ്

അപകടകരമായ വേഗതയിൽ വാഹനം ഓടിക്കുന്നവർക്ക് വ്യത്യസ്ത മുന്നറിയിപ്പുമായി നാട്ടുകാരുടെ ഫ്ലക്സ് ബോർഡ്. വേഗത കുറച്ച് വാഹനം ഓടിച്ചില്ലെങ്കിൽ കരണം അടിച്ച് പൊട്ടിക്കുമെന്നെഴുതിയ ഫ്ലക്സാണ് ഇടുക്കി ജില്ലയിലെ ഉളുപ്പുണി നിവാസികൾ സ്ഥാപിച്ചത്. വാഗമണ്‍–ഉളുപ്പുണി, വണ്ടിപ്പെരിയാര്‍–സത്രം റൂട്ടില്‍ സഞ്ചാരികളുമായി മരണപ്പാച്ചിൽ നടത്തുന്ന ട്രെക്കിംഗ് ജീപ്പുകളെ മുന്നിൽ കണ്ടാണ് ഫ്ലക്സ് ബോർഡ്.

ദുർഘടമായ പാതകളും മലനിരകളും നിറഞ്ഞ റോഡുകളിലൂടെ കുതിച്ചു പായുന്ന ട്രെക്കിംഗ് ജീപ്പുകൾക്ക് നേരെ പൊലീസും മോട്ടോർ വാഹന വകുപ്പും കണ്ണടക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. പരാതികൾ പലതു നൽകിയെങ്കിലും ജില്ലാ ഭരണകൂടവും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ഇതൊന്നും കണക്കിലെടുക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.

നിരന്തരമായി അപകടങ്ങൾ നടക്കുന്ന റൂട്ടാണ് വാഗമൺ-ഉളുപ്പുണി റൂട്ട്. ഇക്കഴിഞ്ഞ സെപ്തംബർ ഏഴിന് തമിഴ്‌നാട് സ്വദേശികളുമായി യാത്ര ചെയ്ത ജീപ്പ് 60 അടി താഴ്ചയിലേക്ക് മറിഞ്ഞ് 8 പേർക്ക് പരുക്കേറ്റിരുന്നു. സെപ്തംബർ 10നും ഒരു ജീപ്പ് മറിഞ്ഞുവെങ്കിലും അന്ന് ആർക്കും പരിക്ക് പറ്റിയില്ല. 13നും അപകടം നടന്നു. അന്ന് യാത്രക്കാർ രക്ഷപ്പെട്ടത് കഷ്ടിച്ചാണ്. ഈ മാസം 12ന് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ട്രെക്കിംഗ് ജീപ്പ് ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരുക്ക് പറ്റിയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മറ്റൊരു ട്രെക്കിംഗ് ജീപ്പ് മറിഞ്ഞ് എറണാകുളം സ്വദേശികളായ ആറു പേർക്ക് പരുക്ക് പറ്റി.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More