ഫാത്തിമാ ലത്തീഫിന്റെ മരണം: ചെന്നൈയില്‍ നാളെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ സംഗമം

ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമാ ലത്തീഫിന്റെ മരണത്തില്‍ വ്യക്തതവേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നാളെ ചെന്നൈയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. വിഷയത്തില്‍ ആഭ്യന്തര അന്വേഷണം വേണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം ഐഐടി അധികൃതര്‍ തള്ളിയതോടെയാണ് നാളെ പ്രതിഷേധ സംഗമം നടത്താന്‍ തീരുമാനമായത്.
ഐഐടിയുടെ ആറ് പതിറ്റാണ്ട് നീണ്ട ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സമരത്തിന് വേദിയാകുന്നത്. ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം വേണം, വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിദഗ്ധ സംഘം പഠനം നടത്തണം, എല്ലാ വകുപ്പുകളിലും പരാതി പരിഹാര സമിതികള്‍ വേണം, വിദ്യാര്‍ത്ഥി കൗണ്‍സില്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം എന്നിവയാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യങ്ങള്‍.
സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും അതിനാല്‍ ആഭ്യന്തര അന്വേഷണം വേണ്ടെന്ന നിലപാടിലാണ് ഐഐടി അധികൃതര്‍.
ഫാത്തിമ ലത്തീഫിന് നീതി തേടി ഐഐടിയില്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരുന്നു. എസ്എഫ്‌ഐ അനുകൂല സംഘടനയായ ചിന്താ ബാറിന്റെ നേതൃത്വത്തിലായിരുന്നു സമരം. സമരം ഇപ്പോഴും തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here