കിഫ്ബിയിൽ സമ്പൂർണ ഓഡിറ്റിംഗിന് അനുമതി നിഷേധിച്ച് സർക്കാർ

കിഫ്ബിയിൽ സമ്പൂർണ ഓഡിറ്റിംഗിന് അനുമതി നിഷേധിച്ച് സർക്കാർ. ചട്ടം 14(1) പ്രകാരം ഓഡിറ്റ് തുടരാമെന്നും 20(2) പ്രകാരം ഓഡിറ്റിംഗിന് അനുമതിയില്ലെന്നും സർക്കാർ സിഎജിക്ക് മറുപടി നൽകി. സമ്പൂർണ ഓഡിറ്റിംഗിന് അനുമതി തേടി നിരവധി തവണ സിഎജി സർക്കാരിന് കത്ത് നൽകിയെങ്കിലും ആദ്യമായാണ് സർക്കാർ മറുപടി നൽകുന്നത്.

ഡിപിസി ആക്ടിലെ 14(1) പ്രകാരമുളള ഓഡിറ്റിംഗ് മതി കിഫ്ബിയിലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ. 20(2) പ്രകാരം സമ്പൂർണ ഓഡിറ്റിഗ് അനുമതി വേണമെന്ന സിഎജിയുടെ ആവശ്യം സർക്കാർ നിരാകരിച്ചു. ഈ ആവശ്യമുന്നയിച്ച് സർക്കാരിന് നാലുതവണ സിഎജി കത്ത് നൽകിയെങ്കിലും ആദ്യമായാണ് സർക്കാർ മറുപടി നൽകുന്നത്. ഭീമമായ ഫണ്ട് സമാഹരിക്കുന്ന കിഫ്ബിയിൽ ഡിപിസി ആക്ടിലെ 20(2) പ്രകാരം സമ്പൂർണ ഓഡിറ്റിംഗ് കൂടിയേ തീരൂവെന്നതാണ് സിഎജിയുടെ നിലപാട്. 14(1) പ്രകാരമുളള ഓഡിറ്റിംഗിന് പരിമിതികളുണ്ടെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.

ഈ നിലപാട് തളളുന്നതാണ് സർക്കാർ സമീപനം. സർക്കാരിന് വേണ്ടി ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സിഎജിക്ക് മറുപടിക്കത്ത് നൽകിയിരിക്കുന്നത്. കിഫ്ബിയിൽ സമ്പൂർണ ഓഡിറ്റിംഗിന് വഴങ്ങാതെ സർക്കാർ അഴിമതിക്ക് കൂട്ടുനിൽക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ശക്തിപ്പെടുന്നതിനിടെയാണ് സർക്കാർ നീക്കമെന്നത് പ്രതിപക്ഷ പ്രതിഷേധം ശക്തിപ്പെടാൻ കാരണമായേക്കും. നിയമസഭയിലടക്കം വിഷയം ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സമ്പൂർണ ഓഡിറ്റിംഗ് ആവശ്യപ്പെടാൻ സിഎജിക്ക് സാധിക്കുമെങ്കിലും, പാർലമെന്റ് പാസാക്കിയ നിയമം പ്രകാരം അതിന് അനുമതി നൽകേണ്ടത് സർക്കാരാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top