ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്: നാല് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

ഹോസ്റ്റല്‍ ഫീസ് വര്‍ധനവ് പിന്‍വലിക്കുക അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ച് തുടരുന്നു. പൊലീസുമായുള്ള സംഘര്‍ഷത്തിനു ശേഷം വിവിധ വഴികളിലേക്ക് പിരിഞ്ഞ വിദ്യാര്‍ത്ഥികള്‍ പ്രധാന പാതയില്‍ നിന്ന് മാര്‍ച്ച് വീണ്ടും പുനഃരാരംഭിച്ചു. പ്രക്ഷോഭം അക്രമാസക്തമായതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ നാല് മെട്രോ സ്‌റ്റേഷനുകള്‍ താത്കാലികമായി അടച്ചു.
ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍ മാര്‍ഗ്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളാണ് താത്കാലികമായി അടച്ചത്. പൊലീസിന്റെ നിര്‍ദേശ പ്രകാരമാണ് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചതെന്ന് ഡിഎംആര്‍സി (ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍) അറിയിച്ചു.
നിരോധനാജ്ഞ ലംഘിച്ച് ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് കാമ്പസിലെ പ്രധാന ഗേറ്റില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ തള്ളിമാറ്റി പുറത്തിറങ്ങിയത്. പ്രധാന പാതയ്ക്ക് സമീപത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും വിദ്യാര്‍ത്ഥികള്‍ തള്ളിമാറ്റിയതോടെ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. വിദ്യാര്‍ത്ഥികളെ ശാന്തരാക്കി തിരിച്ചയക്കാനുള്ള പൊലീസിന്റെ ശ്രമം പാളി. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് അടക്കം അറുപതിലധികം വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വൈകുന്നേരം വിട്ടയച്ചു.
ഫീസ് വര്‍ധനവ് പിന്‍വലിക്കുന്നത് അടക്കം വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്ര ആഭ്യന്തര മാനവ വിഭവശേഷി മന്ത്രാലയം ഉന്നതാധികാര സമിതിയെ നിയോഗിച്ചു. അതേസമയം സമിതിയില്‍ പ്രാതിനിധ്യം വേണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. യുജിസി മുന്‍ ചെയര്‍മാനടക്കം മൂന്നംഗങ്ങളാണ് സമിതിയിലുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here