Advertisement

സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ഇന്ന് ചുമതലയേൽക്കും

November 18, 2019
Google News 1 minute Read

ഇന്ത്യയുടെ നാൽപ്പത്തിയേഴാമത് ചീഫ് ജസ്റ്റിസായി, ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ഇന്ന് ചുമതലയേൽക്കും. രാവിലെ ഒൻപത് മുപ്പതിന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. അതേസമയം രഞ്ജൻ ഗൊഗൊയ് വിരമിച്ച ഒഴിവിൽ ജസ്റ്റിസ് ആർ. ബാനുമതി സുപ്രീംകോടതി കൊളീജിയത്തിൽ എത്തും. പതിമൂന്ന് വർഷത്തിന് ശേഷമാണ് വനിതാ ജഡ്ജിക്ക് കൊളീജിയത്തിൽ സ്ഥാനം ലഭിക്കുന്നത്.

അയോധ്യാ ചരിത്ര വിധിയുടെ തുടർചലനങ്ങളാണ് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്ന എസ്.എ. ബോബ്‌ഡെയെ കാത്തിരിക്കുന്നത്. ഭരണഘടനാ ബെഞ്ചിലെ അംഗമായിരുന്ന ബോബ്‌ഡെ, മറ്റ് ജഡ്ജിമാർക്കൊപ്പം വിധിയിൽ ഉറച്ചുനിന്നു. പുനഃപരിശോധനാ ഹർജികൾ എത്തുമ്പോൾ ബെഞ്ച് പുനഃസംഘടിപ്പിക്കേണ്ട ചുമതല ചീഫ് ജസ്റ്റിസിനാണ്. ശബരിമല കേസുമായി ബന്ധപ്പെട്ട ഉത്തരവിൽ വ്യക്തമാക്കിയ, വിശാല ബെഞ്ചിന്റെ രൂപീകരണവും ബോബ്‌ഡെയുടെ ഉത്തരവാദിത്തമാണ്.

Read Also : ചീഫ് ജസ്റ്റിസിന്റെ ഓഫീസ് പൊതു അധികാര സ്ഥലമല്ല; വിവരാവകാശത്തിന്റെ പരിധിയിൽ വരുമെന്ന് സുപ്രിംകോടതി

വിയോജന വിധിയെഴുതിയ ജസ്റ്റിസ് ആർ.എഫ്. നരിമാനെയും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെയും വിശാല ബെഞ്ചിലും പുനഃപരിശോധനാ ഹർജികൾ കേൾക്കുന്ന അഞ്ചംഗ ബെഞ്ചിലും ഉൾപ്പെടുത്തണമോയെന്ന കാര്യത്തിൽ ബോബ്‌ഡെയുടെ നിലപാട് നിർണായകമാണ്. നാഗ്പുർ സ്വദേശിയായ എസ്.എ. ബോബ്‌ഡെയ്ക്ക് 2021 ഏപ്രിൽ ഇരുപത്തിമൂന്ന് വരെ സർവീസ് കാലാവധിയുണ്ടാകും.

അതേസമയം, രഞ്ജൻ ഗൊഗോയിയുടെ ഒഴിവിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ജസ്റ്റിസ് ആർ. ബാനുമതി സുപ്രീംകോടതി കൊളീജിയത്തിൽ എത്തും. 2006 ലാണ് അവസാനമായി വനിതാ ജഡ്ജിക്ക് കൊളീജിയത്തിൽ ഇടം ലഭിച്ചത്. അന്ന് ജസ്റ്റിസ് രുമാ പാലിന് മൂന്ന് വർഷം ലഭിച്ചിരുന്നു. എന്നാൽ, ആർ. ബാനുമതി അടുത്തവർഷം ജൂലൈ പത്തൊൻപതിന് വിരമിക്കും.

supreme court, justice bobde, CJI, chief justice

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here