കെഎസ്‌യുവിന്റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം: ലാത്തിച്ചാര്‍ജ്

കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കെഎസ്‌യു നടത്തിയ നിയമസഭാ മാര്‍ച്ചിനുനേരെ ലാത്തിച്ചാര്‍ജ്. 12.50 നായിരുന്നു മാര്‍ച്ച് ആരംഭിച്ചത്. എംജി റോഡ് തടസപ്പെടുത്തിക്കൊണ്ട് മുന്നോട്ടുനീങ്ങിയ മാര്‍ച്ചിനു നേരെ രണ്ടുതണവ ഗ്രനേഡും ഒരുതവണ ടിയര്‍ ഗ്യാസും ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചു.

പ്രവര്‍ത്തകര്‍ നിയമസഭയുടെ പ്രധാന കവാടത്തിനു മുന്നില്‍ റോഡ് തടസപ്പെടുത്തി. ഇതോടെ രണ്ടു വാഹനങ്ങളിലായി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. മൂന്നാമത്തെ വാഹനത്തിലും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രവര്‍ത്തകര്‍ പൊലീസ് വാഹനം തടയുകയായിരുന്നു. പിരിഞ്ഞുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ തയാറായില്ല. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൊലീസിനു നേരെ അക്രമവുമായി എത്തുകയും പൊലീസ് ലാത്തി വീശുകയുമായിരുന്നു.

ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എംഎല്‍എയുടെ തലയ്ക്ക്പരിക്കേറ്റു . അദ്ദേഹം ഇതുവരെ ആശുപത്രിയിലേക്ക് പോകാന്‍ തയാറായിട്ടില്ല. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ കാലുകള്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. അഭിജിത്തിനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രവര്‍ത്തകര്‍ ഇപ്പോഴും പിരിഞ്ഞുപോയിട്ടില്ല. പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള ഉന്തും തള്ളും ഉണ്ടായതോടെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top