കൊച്ചി നഗരസഭ മാറ്റത്തിനൊരുങ്ങുന്നു; മുഴുവൻ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളോടും മേയറോടും രാജി വയ്ക്കാൻ ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ്

കൊച്ചി നഗരസഭയിൽ സമഗ്ര മാറ്റത്തിനൊരുങ്ങി കോൺഗ്രസ്. മുഴുവൻ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളോടും മേയറിനോടും 23നകം രാജി വയ്ക്കാൻ ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് കത്ത് നൽകി. കത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. 23ന് അകം രാജി വയ്ക്കുമെന്ന് സ്റ്റാൻഡിംഗ് അംഗം ഷൈനി മാത്യു അറിയിച്ചു. എല്ലാവരും രാജിവയ്ക്കുമെങ്കിൽ താനും രാജിക്ക് തയ്യാറാണെന്ന് മേയർ സൗമിനി ജെയ്ൻ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു.
കൊച്ചി മേയറെ മാറ്റുക എന്നത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് വലിയ തലവേദനയായിരുന്നു. മുഴുവൻ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെയും മാറ്റിയാൽ താൻ മാറാൻ തയാറാണെന്ന് മേയർ സൗമിനി ജെയ്ൻ നേതൃത്വത്തെ അറിയിച്ചതോടെ കോർപ്പറേഷനിൽ സമഗ്ര മാറ്റത്തിനൊരുങ്ങുകയാണ് കോൺഗ്രസ്.
മുഴുവൻ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളോടും മേയറിനോടും 23 -ാം തിയതിക്കകം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ഡിസി പ്രസിഡന്റ ടി.ജെ വിനോദ് എംഎൽഎ കത്ത് നൽകി. താൻ നാളെ തന്നെ രാജി വയ്ക്കുമെന്ന് നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷൈനി മാത്യൂ 24 നോട് പറഞ്ഞു. സൗമിനി ജെയ്ൻ രാജി വച്ചാൽ മേയർ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടത് ഷൈനിയെ ആണ്. തനിക്ക് മേയർ സ്ഥാനം നൽകാമെന്ന് നേരത്തെ നേതാക്കൾ ഉറപ്പ് നൽകിയിരുന്നെന്നും ഷൈനി മാത്യു വ്യക്തമാക്കി.
അതേസമയം മേയറടക്കം രാജിവച്ചാൽ നഗരസഭയിലെ യുഡിഎഫ് ഭരണം അട്ടിമറിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. സ്വകാര്യ ആവശ്യത്തിനായി സംസ്ഥാനത്തിന് പുറത്ത് പോയിരിക്കുന്ന സൗമിനി ജെയ്ൻ 24 നേ മടങ്ങി എത്തൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here