ഗർഭിണിയായി അഭിനയിച്ച് കടത്താൻ ശ്രമിച്ചത് 20 കിലോ കഞ്ചാവ്; യുവതി പിടിയിൽ

കഞ്ചാവ് കടത്താൻ വ്യത്യസ്തമായ രീതികൾ പരീക്ഷിക്കുന്നവരെപ്പറ്റിയുള്ള വാർത്തകൾ പലപ്പോഴും നമ്മൾ വായിക്കാറുണ്ട്. ഇങ്ങനെയൊക്കെ വ്യത്യസ്ത രീതികൾ പരീക്ഷിച്ചിട്ടും അവരൊക്കെ കുടുങ്ങുന്നു എന്നതും കൗതുകകരമാണ്. ഇപ്പോഴിതാ ഗർഭിണിയായി അഭിനയിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച ഒരു യുവതി പിടിയിലായിരിക്കുകയാണ്.

അർജൻ്റീനയിലാണ് സംഭവം. അർജൻ്റീനയിലെ മെൻഡോസയിൽ നിന്നും ചിലിയൻ അതിർത്തി പട്ടണമായ കലേറ്റ ഒലിവിയയിലേക്ക് യാത്ര ചെയ്ത യുവതിയാണ് കുടുങ്ങിയത്. തൻ്റെ കാമുകനൊപ്പമായിരുന്നു യാത്ര. ബസിൽ ചിലി അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെ ചെക്ക് പോയിൻ്റിൽ വെച്ച് യുവതിയോടൊപ്പമുണ്ടായിരുന്ന കാമുകനെ പരിശോധിച്ച സുരക്ഷാ ഉദ്യോഗസ്ഥർ ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു. തുടർന്ന് ‘ഗർഭിണിയായ’ യുവതിയെ പരിശോധിച്ച ഉദ്യോഗസ്ഥർ അവരുടെ ബാഗിൽ നിന്ന് രണ്ട് പൊതി കഞ്ചാവ് കൂടി കണ്ടെടുത്തു. ഇതോടെ യുവതിയെ വിശദമായ പരിശോധനക്ക് വിധേയയാക്കുകയായിരുന്നു.

വയറിനോട് ചേർത്ത് പശ കൊണ്ട് ഒട്ടിച്ച നിലയിലുണ്ടായിരുന്ന മറ്റൊരു വ്യാജ വയറ്റിൽ നിന്ന് 15 കഞ്ചാവ് പൊതികളാണ് കണ്ടെടുത്തത്. ഏതാണ്ട് 20 കിലോയോളം കഞ്ചാവാണ് ‘വയറ്റി’നുള്ളിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. മയക്കുമരുന്ന് കടത്തിൻ്റെ പേരിൽ യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More