ഒബിസി കാറ്റഗറിയിൽ സിവിൽ സർവീസ് നേടാൻ വാർഷിക വരുമാനം കുറച്ച് കാണിച്ചു; തലശ്ശേരി സബ് കളക്ടർക്കെതിരെ എറണാകുളം ജില്ലാ കളക്ടർ

തലശ്ശേരി സബ് കളക്ടർ ആസിഫ് കെ യൂസഫിനെതിരെ എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോർട്ട്. ആസിഫ് ഒബിസി കാറ്റഗറിയിൽ സിവിൽ സർവീസ് നേടാൻ വാർഷിക വരുമാനം കുറച്ച് കാണിച്ചെന്നും കണയന്നുർ തഹസിൽദാർ നൽകിയ സർട്ടിഫിക്കറ്റുകൾ നിയമവിരുദ്ധമെന്നുമാണ് റിപ്പോർട്ട്.

തലശ്ശേരി സബ് കളക്ടർ ആസിഫ് കെ യൂസഫ് സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് വേണ്ടി നൽകിയ അപേക്ഷയിലെ വിവരങ്ങൾ തെറ്റാണെന്നാണ് എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. 2012 മുതൽ 2015 വരെയുള്ള വർഷങ്ങളിൽ ആസിഫിന്റെ മാതാപിതാക്കളുടെ വാർഷിക വരുമാനം ഇരുപത് ലക്ഷത്തിലേറെയാണെന്ന് റിപ്പോർട്ട് പറയുന്നു. ആറ് ലക്ഷം രൂപയാണ് ഒബിസി കാറ്റഗറിയിൽ പ്രവേശനം നേടാനുള്ള വരുമാന പരിധി. ഇക്കാര്യങ്ങൾ പരിഗണിക്കാതെയാണ് കണയന്നുർ തഹസിൽദാർ നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് നൽകിയത്.

Read Also : സർക്കാർ നിർദ്ദേശപ്രകാരം യൂണിഫോം വാങ്ങി നൽകിയ ഹെഡ്മാസ്റ്റർമാർക്ക് 6 മാസമായിട്ടും തുക തിരികെ ലഭിച്ചിട്ടില്ല; യൂണിഫോം വിതരണം പ്രതിസന്ധിയിൽ

അപേക്ഷ നൽകിയതിന് ശേഷമുള്ള വർഷം വരുമാനം ആറ് ലക്ഷത്തിൽ താഴെയാണെങ്കിലും ഇത് പരിഗണിക്കില്ല. ആസിഫിന്റെ രക്ഷിതാക്കൾക്ക് പാൻ കാർഡുണ്ടെന്നും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാറുണ്ടെന്നും ജില്ലാ കളക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തി. വരുമാന സർട്ടിഫിക്കറ്റ് തെറ്റെന്നും റിപ്പോർട്ടിൽ പറയുന്നു. ചീഫ് സെക്രട്ടറി കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് ഉടൻ റിപ്പോർട്ട് കൈമാറും. യുപിഎസ്‌സിയെ തെറ്റിദ്ധരിപ്പിച്ച് സിവിൽ സർവീസ് നേടിയ ആസിഫിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More