പാലക്കാട് സിപിഐഎമ്മിൽ ഫ്‌ളക്‌സ് ബോർഡ് വിവാദം പുകയുന്നു

പാലക്കാട് സിപിഐഎമ്മിൽ ഫ്‌ളക്‌സ് ബോർഡ് വിവാദം പുകയുന്നു. സിഐടിയു ജില്ലാ സെക്രട്ടറിക്ക് അഭിവാദ്യമർപ്പിച്ച് ഒറ്റപ്പാലത്ത് സ്ഥാപിച്ച പേരില്ലാ ഫ്‌ളക്‌സ് ബോർഡുകളാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്.
പാർട്ടി വിഭാഗീയതയെ ഒരു കണക്കിന് അതിജീവിച്ച് വീണ്ടും സിഐടിയു ജില്ലാ സെക്രട്ടറിയായ പഴയ ഒറ്റപ്പാലം എംഎൽഎ എം ഹംസക്ക് അഭിവാദ്യമർപ്പിച്ചാണ് പത്ത് ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
അവസാന നിമിഷം വരെ എം ഹംസയുടെ സ്ഥാനം തെറിക്കുമെന്നായിരുന്നു ഔദ്യോഗികപക്ഷം പറഞ്ഞിരുന്നത്. വിവാദം വേണ്ടന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം വന്നതോടെ ഹംസ വീണ്ടും ട്രേഡ് യൂണിയന്റെ ജില്ലയുടെ അമരത്ത് കയറി.
സമ്മേളനം കഴിഞ്ഞ അന്ന് തന്നെ നേതാവിന്റെ നാട്ടിൽ അഭിവാദ്യ ബോർഡും പൊങ്ങിയിരുന്നു. പക്ഷെ പേരില്ലാ ബോർഡാണെന്ന് മാത്രം. ഔദ്യോഗിക പക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുള്ള കമ്മിറ്റിയിൽ കടുത്ത വിമർശനമാണ് ഇതിനെ പറ്റി കഴിഞ്ഞ ദിവസം ഉയർന്നത്.
നാളെ താനും തന്റെ പേരിൽ ഒരു അഭിവാദ്യ ബോർഡ് വെയ്ക്കാൻ പോകുകയാണെന്നാണ് ഒരു നേതാവിന്റെ വിമർശനം. ആരാണ് ബോർഡ് വെച്ചതെന്ന് അറിയില്ലെന്നായിരുന്നു സിഐടിയു കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറിയുടെ നിലപാട്. എത്രയും പെട്ടന്ന് ബോർഡുകൾ എടുത്തു മാറ്റാനാണ് പാർട്ടി തീരുമാനം. പക്ഷെ നേതാവിന്റെ അഭിവാദ്യ ബോർഡുകളിപ്പോഴും പാർട്ടി കൊടിമരങ്ങളിൽ തൂങ്ങി കിടപ്പുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here