പാലക്കാട് വീണ്ടും സ്‌ഫോടക വസ്തു ശേഖരം പിടികൂടി; മൂന്ന് പേര്‍ കസ്റ്റഡിയില്‍

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പാലക്കാട് വടക്കതറയിലുള്ള വ്യാസ വിദ്യ പീഠം സ്‌കൂള്‍ വളപ്പില്‍നിന്ന് ഉഗ്രസ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. കല്ലേക്കാട് പൊടിപാറയില്‍ സുരേഷ് എന്ന ആളുടെ വീട്ടില്‍ നിന്ന് കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി പൊലീസ്. സുരേഷ് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകനെന്ന് സിപിഐഎമ്മും കോണ്‍ഗ്രസും ആരോപിച്ചു. ഒരു ബന്ധമില്ലെന്ന് ബിജെപിയും വ്യക്തമാക്കി. വ്യാസ വിദ്യ പീഠം സ്‌കൂള്‍ വളപ്പില്‍നിന്ന് ഉഗ്രസ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട പരിശോധനയിലാണ് കണ്ടെത്തല്‍.
ഓഗസ്റ്റ് 20ന് വൈകിട്ടാണ് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പാലക്കാട് വ്യാസ വിദ്യ പീഠം സ്‌കൂള്‍ പരിസരത്തു സ്‌ഫോടനമുണ്ടാകുന്നത്. പത്തുവയസുകാരനും വയോധികക്കും പരുക്കേറ്റു. സിസിടിവി ഉള്‍പ്പടെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും കിട്ടിയില്ല. ശ്രമകരമായ അന്വേഷണത്തിലാണ് സംഭവവുമായി ബന്ധപ്പെട്ടാണ് നൗഷാദ്, ഫാസില്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തില്‍ നിന്നാണ് ഇന്ന് രാവിലെ സുരേഷിന്റെ വീട്ടിലേക്ക് പൊലീസ് എത്തിയത്. വീട്ടില്‍ നിര്‍ത്തിയ പരിശോധനയില്‍ ഇരുപത്തിനാല് ഇലക്ട്രിക് ഡിറ്റനേറ്ററും, 12 സ്‌ഫോടക വസ്തുക്കളും കണ്ടെത്തി.
സുരേഷ് ബിജെപി പ്രവര്‍ത്തകനാണെന്ന് പൊലീസും സ്ഥിരീകരിക്കുന്നു. സുരേഷ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും സജീവ പ്രവര്‍ത്തകന്‍ ആണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സുരേഷ് ബാബു പറഞ്ഞു. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തണമെന്നും സുരേഷിന് ബിജെപി ബന്ധമെന്നും ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ വ്യക്തമാക്കി.
ആരോപണം അടിസ്ഥാനരഹിതമാണെന്നും ബിജെപിയും ആര്‍എസ്എസുമായും കേസിനും പ്രതിക്കും യാതൊരു ബന്ധവും ഇല്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറും പറഞ്ഞു. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ അറസ്റ്റ് അടക്കമുള്ള മറ്റു നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കും.
Story Highlights : Another explosives cache seized in Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here