രൂക്ഷമായ സാമ്പത്തിക പ്രതിന്ധിയിലും സെക്രട്ടേറിയറ്റിൽ കസേര വാങ്ങൽ ധൂർത്ത്

സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിന്ധിയിൽ നട്ടം തിരിയുമ്പോൾ സെക്രട്ടേറിയറ്റിൽ കസേര വാങ്ങുന്നതിന്റെ പേരിൽ ധൂർത്ത്. സെക്രട്ടറിമാരുടെ ഓഫീസുകളിലേക്കും കോൺഫറൻസ് ഹാളുകളിലേക്കുമാണ് കസേരകൾ വാങ്ങിക്കുന്നത്. തേക്ക് തടിയിൽ നിർമിച്ച കേസര തന്നെ വേണമെന്നാണ് ഇതിനായി പുറപ്പെടുവിച്ച ഉത്തരവിൽ.
സെക്രട്ടേറിയറ്റിലെ സെക്രട്ടറിമാരുടെ ഓഫീസുകളിൽ സന്ദർശകരുടെ ഉപയോഗത്തിനു വേണ്ടിയും യോഗങ്ങൾക്ക് വേണ്ടിയും തേക്ക് തടിയിൽ നിർമിച്ച കുഷ്യനുള്ള 30 കസേരകൾ വാങ്ങാനാണ് തീരുമാനം. ഇതിനായി 6.70 ലക്ഷം രൂപ അനുവദിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്.
നിലവിൽ എല്ലാ സെക്രട്ടറിമാരുടെ ഓഫീസുകളിലും സന്ദർശകർക്ക് ഉപയോഗിക്കാൻ മതിയായ കസേരകളുണ്ട്്. എന്നാൽ ഇത് പോരെന്നും കൂടുതൽ കസേരകൾ വേണമെന്നും ആണ് സ്റ്റോർ സൂപ്പർവൈസറുടെ ആവശ്യം.
സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലെ ആറാം നിലയിലുള്ള ബോധീ ഹാളിലേക്കാണ് 50 കസേര വാങ്ങുന്നത്. ഇതും സന്ദർശകർക്ക് വേണ്ടിയാണെന്ന് ഉത്തരവിൽ പറയുന്നു. ഇവിടേയും നിലവിൽ മതിയായ കസേരകളുണ്ടെന്നതാണ് വസ്തുത. ഇതിനായി 4.20 ലക്ഷം രൂപയും അനുവദിച്ചു.
സിഡ്കോയിൽ നിന്നും കസേരകൾ വാങ്ങാനാണ് നിർദ്ദേശം. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ വലയുകയും ട്രഷറി നിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തുകയും ചെയ്യുമ്പോഴാണ് സെക്രട്ടറിയറ്റിൽ കസേര വാങ്ങൽ ധൂർത്ത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here