Advertisement

കർപ്പൂരം കത്തിച്ചാൽ വായു മലിനീകരണം കുറയുമോ? [ 24 Fact Check]

November 21, 2019
Google News 2 minutes Read

കഴിഞ്ഞ ദീപാവലി സമയത്ത് ഡൽഹിയിൽ വലിയ തോതിലുള്ള വായു മലിനീകരണ തോതാണ് റിപ്പോർട്ട് ചെയ്തത്. ഇത് തടയാനായത് പഞ്ചാബിലും ഹരിയാനയിലും ഡൽഹിയിലും കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിലൂടെയാണ്. സ്‌കൂളുകൾ പോലും കുറച്ച് ദിവസം അടച്ചിടേണ്ടി വന്നു.

വായു മലിനീകരണം കുറക്കാൻ കർപ്പൂരം കത്തിച്ചാൽ മതിയെന്ന പ്രചരണം സോഷ്യൽ മീഡിയയിൽ തുടങ്ങിയത് ഈ അടുത്താണ്. കൃത്യമായി പറഞ്ഞാൽ ഡൽഹിയിലും ചെന്നൈയിലും വായു മലീനീകരണ തോത് വളരെയധികം ഉയർന്ന സമയത്ത്.

അവിടെ വായു മലിനീകരണം രൂക്ഷമായ സമയത്ത് മലിനീകരണം കുറക്കാനും നിയന്ത്രിക്കാനും നിരവധി മാർഗങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. വായു മലിനീകരണം മൂലം ഉണ്ടാകാൻ സാധ്യതയുള്ള അസുഖങ്ങൾ ഒഴിവാക്കാൻ ഇഞ്ചിയും നെല്ലിക്കയും കഴിച്ചാൽ മതിയെന്ന തരത്തിൽ പ്രചരണങ്ങൾ ഉണ്ടായിരുന്നു. ഈ വ്യാജപ്രചരണങ്ങൾക്ക് പിന്നാലെയാണ് വായു മലിനീകരണം കുറക്കാൻ കർപ്പൂരം കത്തിച്ചാൽ മതിയെന്ന വാദം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഇതിന്റെ പിന്നിലെ സത്യമെന്ത്? പരിശോധിക്കാം…

എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സദവി ഘോസ്ലയാണ് ഈ വിചിത്ര വാദത്തിന് തുടക്കമിട്ടത്. 84,000 ഫോളോവേഴ്സാണ് സദവിക്ക് ട്വിറ്ററിൽ മാത്രമുള്ളത്. കർപ്പൂരവും പഞ്ഞിയും ഉപയോഗിച്ചുണ്ടാക്കിയ മാലയിട്ടാൽ വായു മലിനീകരണം കുറക്കാമെന്നും വീട്ടിൽ കർപ്പൂരത്തിന്റെ ഉപയോഗം പരമാവധി കൂട്ടാനും ഇവർ ട്വീറ്റ് ചെയ്തു. നിരവധി പേരാണ് ഇവരുടെ വാദത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. ഇത് വളരെ ഫലപ്രദമായ മാർഗമാണെന്നാണ് പലരും റീട്വീറ്റ് ചെയ്തുകൊണ്ട് പ്രതികരിച്ചു.

ഇനി ഇതിന്റെ ശാസ്ത്രീയ വശം നോക്കാം, മരത്തടിയിൽ നിന്നുണ്ടാക്കുന്ന പ്രകൃതിദത്തമായ കർപ്പൂരത്തിന് ഗുണങ്ങളുണ്ട്. പക്ഷെ ഇന്ത്യയിൽ കൂടുതലായി ഉപയോഗിക്കുന്നത് രാസനിർമിതമായ കർപ്പൂരമാണ്. ഇതിന്റെ മണം പ്രാണികളെ അകറ്റുമെങ്കിലും പ്രകൃതിക്ക് ദോഷം ചെയ്യും. കർപ്പൂരം കത്തിക്കുമ്പോൾ കാർബൺ ഡൈ ഓക്സൈഡാണ് പുറന്തള്ളുന്നത്. ഇത് അന്തരീക്ഷത്തിലുണ്ടാക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ…

 

ഗവേഷകർ പറയുന്നത് കർപ്പൂരം കത്തിക്കുമ്പോഴുണ്ടാകുന്ന കാർബൺ ഡൈ ഓക്സൈഡ് ശ്വസിക്കുന്ന ഓക്സിജന്റെ അളവിനെ പ്രതികൂലമായി ബാധിക്കുമെന്നാണ്. അടച്ചിട്ട മുറിക്കുള്ളിൽ കൂടുതൽ നേരം കർപ്പൂരം കത്തിച്ച വായു ശ്വസിച്ചാൽ കുട്ടികൾക്ക് ശ്വാസകോശപ്രശ്നങ്ങൾ മുതൽ കാൻസർ വരെ ഉണ്ടായേക്കാമെന്ന് കണ്ടെത്തലുകളുണ്ട്.

2016ൽ തമിഴ്നാട്ടിലെ ഹിന്ദു മത- ചാരിറ്റബിൾ എൻഡോവ്‌മെൻറ് വകുപ്പ് ക്ഷേത്രങ്ങളിൽ കർപ്പൂരം കൊണ്ടുള്ള ആരതി നിർത്തലാക്കാൻ നടപടിയെടുത്തിരുന്നു. കൃത്രിമമായി ഉണ്ടാക്കുന്ന കർപ്പൂരം പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

Read Also: ഇനി മുതൽ കേന്ദ്രസർക്കാർ എല്ലാ കോളുകളും റെക്കോർഡ് ചെയ്യും ? അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ പ്രചരിക്കുന്ന വാർത്തയ്ക്ക് പിന്നിലെ സത്യമെന്ത് ? [24 Fact Check]

ഇത്തരം പ്രചരണങ്ങൾ പാടെ വിഴുങ്ങാതെ ഇതിന് പിന്നിലെ ശാസ്ത്രീയ വശം കൂടി അന്വേഷിക്കുന്നതാകും ആരോഗ്യത്തിന് നല്ലത്. ഈ വാദങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ മനസിലാക്കിയതിന് ശേഷം മാത്രം ഇവ പങ്കുവെക്കാം.

delhi air pollution, fake news, fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here