പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം; ഡോക്ടർക്ക് സസ്‌പെൻഷൻ

സുൽത്താൻ ബത്തേരി ഗവ. സർജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് സസ്‌പെൻഷൻ. പാമ്പുകടിയേറ്റതാണെന്ന് ഡോക്ടറോട് പറഞ്ഞിട്ടും ചികിത്സ വൈകിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് ഡോക്ടറെ സസ്‌പെൻഡ് ചെയ്തത്.

പാമ്പു കടിയേറ്റ പാടുണ്ടെന്നും കുട്ടിയുടെ കണ്ണുകൾ അടയുന്നതായും നീലിച്ചുവരുന്നതായും ഡോക്ടറോട് പിതാവ് അസീസ് പറഞ്ഞിരുന്നു. പാമ്പുകടിക്കുള്ള മരുന്നായ ആന്റി വെനം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, നിരീക്ഷണത്തിന് ശേഷം മാത്രമേ ആന്റി വെനം നൽകാൻ പറ്റൂ എന്നായിരുന്നു ഡോക്ടറുടെ പ്രതികരണം.

അതേസമയം, സംഭവത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഷാജിലിനെ സസ്‌പെൻഡ് ചെയ്തു. മറ്റ് അധ്യാപകർക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മെമ്മോ നൽകി. വിദ്യാഭ്യാസ മന്ത്രി ഡിപിഐയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് സംഘം ഡിഎംഒയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്ന് കളക്ടർ അദീല അബ്ദുള്ള പറഞ്ഞു.

ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഷഹ്ല ഷെറിന് ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റത്. കാലിൽ ആണി തറച്ചതാണെന്ന് കരുതി വിദ്യാർത്ഥിക്ക് വേണ്ട സമയത്ത് ചികിത്സ നൽകാൻ അധ്യാപകർ തയ്യാറായില്ല. കുട്ടിയുടെ പിതാവ് എത്തി ആശുപത്രിയിൽ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകർ സ്വീകരിച്ചത്. കുട്ടിയുടെ പിതാവെത്തി ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. ചികിത്സാ സൗകര്യങ്ങൾ പരിമിതമായിരുന്നതിനാൽ താലൂക്ക് ആശുപത്രിൽ എത്തിച്ചു. അവിടെ വച്ച് കുട്ടി ഛർദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തുന്നതിന് മുൻപ് കുട്ടി മരിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More