അവസാന ടി-20യിൽ 61 റൺസിന്റെ ജയം; വിൻഡീസിനെതിരെ പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ

വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ. അവസാന മത്സരത്തിൽ 61 റൺസിനു വിജയിച്ചതോടെയാണ് അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തപ്പോൾ വിൻഡീസിൻ്റെ മറുപടി 7 വിക്കറ്റ് നഷ്ടത്തിൽ 73ലൊതുങ്ങി.

ഷഫലി വർമ്മയും (9) സ്മൃതി മന്ദനയും (7) വേഗം പുറത്തായതോടെ ബാക്ക് ഫൂട്ടിലായ ഇന്ത്യയെ ജമീമ റോഡ്രിഗസും വേദ കൃഷ്ണമൂർത്തിയും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. 117 റൺസ് നീണ്ട ഈ കൂട്ടുകെട്ടിൽ ഇരുവരും അർധസെഞ്ചുറി നേടി. മൂന്നാം ഓവറിലെ രണ്ടാം പന്തിൽ ആരംഭിച്ച ഈ കൂട്ടുകെട്ട് അവസാന ഓവറിലെ അഞ്ചാം പന്തിലാണ് വേർപിരിയുന്നത്. ജമീമ റോഡ്രിഗസാണ് (50) പുറത്തായത്. 57 റൺസെടുത്ത് പുറത്താവാതെ നിന്ന വേദ കൃഷ്ണമൂർത്തിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ.

മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസിനെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞു മുറുക്കി. കൃത്യമായ ഏരിയകളിൽ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ വിൻഡീസ് താരങ്ങളെ വരച്ച വരയിൽ നിർത്തി. രണ്ട് പേർ മാത്രമാണ് വിൻഡീസ് നിരയിൽ ഇരട്ടയക്കം കടന്നത്. 22 റൺസെടുത്ത ഖിഷോന നൈറ്റ് ആണ് അവരുടെ ടോപ്പ് സ്കോറർ. 3 ഓവറിൽ 3 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത അനുജ പാട്ടീലിനൊപ്പം മാൻസി ജോഷി ഒഴികെയുള്ള മറ്റ് ബൗളർമാർക്കെല്ലാം ഇന്ത്യൻ നിരയിൽ വിക്കറ്റ് ലഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top