കൊച്ചി ടസ്കേഴ്സ് തിരികെ വരുന്നു?; സൂചന നൽകി ബിസിസിഐ പ്രതിനിധി

കേരളത്തെ പ്രതിനിധീകരിച്ച് ഐപിഎൽ കളിച്ച ടീമാണ് കൊച്ചി ടസ്കേഴ്സ് കേരള. 2008ൽ എട്ട് ടീമുകളുമായി തുടങ്ങിയ ഐപിഎൽ 2011ൽ 10 ടീമുകളാക്കി അധികരിപ്പിക്കുമ്പോഴായിരുന്നു ടസ്കേഴ്സിൻ്റെ രംഗപ്രവേശനം. പൂനെ വാരിയേഴ്സിനൊപ്പം കൊച്ചി ടസ്കേഴ്സും ഐപിഎലിൻ്റെ കണ്ണഞ്ചിക്കുന്ന ലോകത്തെത്തി. സീസണിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ച ടസ്കേഴ്സ് അടുത്ത സീസണിൽ പുറത്ത്. വ്യവസ്ഥകൾ ലംഘിച്ചു എന്നതായിരുന്നു ബിസിസിഐ കണ്ടെത്തിയ കുറ്റം.
മൊത്തം ഫീസിന്റെ പത്ത് ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും കൊച്ചി ടസ്‌ക്കേഴ്‌സിന് അതിന് സാധിച്ചില്ല. തുടര്‍ന്ന് ടസ്‌ക്കേഴ്‌സുമായുള്ള കരാര്‍ ബിസിസിഐ റദ്ദാക്കി. എന്നാൽ ടസ്കേഴ്സ് വിടാൻ ഒരുക്കമായിരുന്നില്ല. ബിസിസിഐയുടെ നിലപാടിനെതിരെ ടീം ഉടമകൾ ആര്‍ബിട്രേറ്ററിനെ സമീപിച്ചു. 2015ൽ ബിസിസിഐ ടസ്കേഴ്സിന് 550 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആർബിട്രേറ്റർ വിധിച്ചു. എന്നാൽ അത് നൽകാൻ തയ്യാറാകാതിരുന്നതിനെത്തുടർന്ന് പലിശയടക്കം ഇപ്പോൾ 800 കോടിയിലെത്തി. ഇങ്ങനെയൊക്കെ പ്രശ്നങ്ങൾ നിലനിൽക്കെയാണ് കൊച്ചി ടസ്കേഴ്സ് തിരികെയെത്താനുള്ള സൂചനകൾ തെളിയുന്നത്.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഒരു ബിസിസിഐ പ്രതിനിധിയാണ് ഇത്തരത്തിൽ സൂചന നൽകിയത്. 2020 സീസൺ മുതൽ എട്ട് ടീമുകൾ അധികരിപ്പിച്ച് ഒൻപത് ആക്കുമെന്നും 2023 മുതൽ ലീഗിൽ 10 ടീമുകൾ ഉണ്ടാവുമെന്നുമുള്ള റിപ്പോർട്ടിലാണ് ടസ്കേഴ്സ് തിരിച്ചു വരുന്നതുമായി ബന്ധപ്പെട്ട പരാമർശമുള്ളത്. ടസ്കേഴ്സിനു നൽകാനുള്ള പണം നൽകുമോ അതോ ഒരു ഫ്രാഞ്ചസി നൽകുമോ എന്ന ചോദ്യത്തിന് അതൊരു വലിയ ചോദ്യമാണെന്നും നിയമ പോരാട്ടങ്ങൾ സുഗമമായി പരിഹരിക്കുമെന്നുമായിരുന്നു ബിസിസിഐ പ്രതിനിധിയുടെ മറുപടി.
800 കോടി രൂപ നഷ്ടപരിഹാരം നൽകുന്നത് ബിസിസിഐയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാവാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അണിയറയിൽ ഫ്രാഞ്ചസി നൽകി ടസ്കേഴ്സിനെ ഒതുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് വിവരം.
അതേ സമയം, ടസ്കേഴ്സിന് 800 കോടി രൂപ നൽകണമെന്ന വിധിക്കെതിരെ ബിസിസിഐ നൽകിയ അപ്പീൽ ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലാണ്.