മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍സിപിയും മുഖ്യമന്ത്രി പദം പങ്കിടും

മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും. ശിവസേനയും എന്‍സിപിയും മുഖ്യമന്ത്രി പദം പങ്കിടാനും ധാരണയായി. കര്‍ശന ഉപാധികളാണ് മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് അംഗീകരിക്കേണ്ടിവരിക. രണ്ടര വര്‍ഷത്തേയ്ക്ക് മാത്രമേ മുഖ്യമന്ത്രിപദം ശിവസേനയ്ക്ക് ലഭിക്കൂ.

തീവ്രഹിന്ദുത്വ നിലപാട് ഉപേക്ഷിക്കുക, വിവാദ വിഷയങ്ങളില്‍ യുപിഎയുടെ പൊതു നിലപാടിനൊപ്പം നില്‍ക്കുക തുടങ്ങിയവയാണ് മറ്റ് ഉപാധികള്‍. ശിവസേന വഴങ്ങിയാല്‍ പൊതുമിനിമം പരിപാടി, വകുപ്പ് വിഭജനം എന്നിവയില്‍ തീരുമാനം കൈക്കൊള്ളാന്‍ ചര്‍ച്ചകള്‍ ആരംഭിക്കും.

മറ്റെല്ലാ വ്യവസ്ഥകളും അംഗീകരിക്കുന്ന സാഹചര്യമുണ്ടായാല്‍ അഞ്ച് വര്‍ഷം മുഖ്യമന്ത്രിപദം ശിവസേനയ്ക്ക് നല്‍കാനും കോണ്‍ഗ്രസും എന്‍സിപിയും തയാറായേക്കും.
പവാര്‍ – മോദി കൂടിക്കാഴ്ചയ്ക്കു പിന്നാലെ സര്‍ക്കാരിന്റെ ഭാഗമാകണമെന്ന സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകത്തിന്റെ ആവശ്യത്തിന് സോണിയാ ഗാന്ധി വഴങ്ങിയതോടെയാണ് മൂന്നാഴ്ച നീണ്ടുനിന്ന പ്രതിസന്ധിക്ക് അയവ് വന്നത്. മുംബൈയില്‍ അടിയന്തരമായി എത്താന്‍ എംഎല്‍എമാര്‍ക്ക് ശിവസേന അറിയിപ്പ് നല്‍കിയിട്ടുണ്ട്.

എംഎല്‍എമാരെ ഗവര്‍ണര്‍ക്ക് മുന്‍പില്‍ ഹാജരാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിമത സ്വരം ഉയര്‍ത്തിയ 23 എംഎല്‍എമാരുമായി ഉദ്ധവ് താക്കറെ ഇന്ന് സംസാരിക്കും. അതേസമയം മഹാരാഷ്ട്രയില്‍ ബിജെപിതന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഇപ്പോള്‍ നടക്കുന്നതെല്ലാം ഹാസ്യനാടകമാണെന്നും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top