Advertisement

സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ച നാല് എംഎല്‍എമാര്‍ക്കെതിരെ നടപടി

November 21, 2019
Google News 0 minutes Read

ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പൊലീസ് മര്‍ദനമേറ്റ സംഭവത്തില്‍ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ച നാല് എംഎല്‍എമാര്‍ക്കെതിരെ നടപടി. റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, ഐ സി ബാലകൃഷ്ണന്‍, എല്‍ദോസ് കുന്നപ്പള്ളി എന്നിവരെ സ്പീക്കര്‍ ശാസിച്ചു. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി.

നടപടി ചട്ടവിരുദ്ധമാണെന്നും കൂടിയാലോചനകള്‍ ഇല്ലാതെയാണ് നടപടി എടുത്തതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സഭയുടെ അന്തസിന് നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ച എംഎല്‍എമാര്‍ക്കെതിരെ ചട്ടപ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

ഇന്നലെ പ്രതിപക്ഷത്തെ നാല് എംഎല്‍എമാര്‍ ഡയസില്‍ കയറി മുദ്രാവാദ്യം വിളിച്ചതിനെത്തുടര്‍ന്ന് സഭ നിര്‍ത്തിവച്ചിരുന്നു. ഇതിനുശേഷം കക്ഷിനേതാക്കളുടെ യോഗം വിളിച്ചു. അംഗങ്ങളുടെ നടപടി സഭാ മര്യാദകള്‍ക്ക് വിരുദ്ധമാണെന്ന് സ്പീക്കര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ക്കുശേഷം നടപടി സ്വീകരിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു.

ഇന്ന് ശൂന്യവേള ആരംഭിച്ചപ്പോള്‍ തന്നെ സ്പീക്കര്‍ നടപടി പ്രഖ്യാപിക്കുകയായിരുന്നു. സഭയുടെ അന്തസിന് വിരുദ്ധമായി പ്രവര്‍ത്തിച്ച നാല് അംഗങ്ങളെ ശാസിക്കുന്നതായി സ്പീക്കര്‍ വ്യക്തമാക്കി. നിയമസഭാ ചട്ടപ്രകാരം സ്പീക്കറില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരമുപയോഗിച്ചാണ് ഈ നടപടിയെന്നും സ്പീക്കര്‍ വ്യക്തമാക്കി.

എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതിനെ എതിര്‍ത്തു. കൂടിയാലോചനകള്‍ക്കു ശേഷമേ നടപടിയെടുക്കൂ എന്നു പറഞ്ഞ സ്പീക്കര്‍ ഏകപക്ഷീയമായി നടപടി സ്വീകരിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ആരോടും കൂടിയാലോചിക്കാതെയാണ് നടപടി. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here