ശബരിമല തീർത്ഥാടകരിൽ ഹൃദയ, ശ്വസന പ്രശ്നങ്ങൾ കൂടുന്നതായി റിപ്പോര്‍ട്ട്

ശബരിമല തീര്‍ത്ഥാടകരില്‍ ഹൃദയ, ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. നട തുറന്ന് 5 ദിവസം കൊണ്ട് 15 പേര്‍ക്കാണ് ഹൃദയാഘാതം വന്നതായി റിപ്പോര്‍ട്ട് ചെയ്തത്. പമ്പ മുതല്‍ സന്നിധാനം വരെ ആവശ്യത്തിന് വിശ്രമമെടുത്ത് യാത്ര ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ചെങ്കുത്തായ കരിമലയും നീലിമലയും അപ്പാച്ചിമേടുമൊക്കെ കാല്‍നടയായി താണ്ടി വേണം ശബരിമല തീര്‍ത്ഥാടകന് സന്നിധാനത്തെത്താന്‍. പമ്പ മുതല്‍ സന്നിധാനം വരെയുള്ള ഈ ദീര്‍ഘദൂര കയറ്റം ആരോഗ്യമുള്ളവരില്‍ പോലും വിവിധ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ഹൃദയ – ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളാണ് ഏറെയും. ഹൃദയാഘാതം റിപ്പോര്‍ട്ട് ചെയ്ത 15 പേരും 20 വയസ് മുതല്‍ 76 വയസ്സ് വരെ പ്രായമുള്ളവരാണ്.

അതേസമയം വിഷയം ഗൗരവത്തോടെ കാണണമെന്നും ആവശ്യത്തിന് വിശ്രമമെടുത്ത് മാത്രം മലകയറണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മാത്രമല്ല പമ്പ മുതല്‍ സന്നിധാനം വരെ 15 എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകള്‍ നിലവില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഹൃദയാഘാതം ഉണ്ടായാല്‍ ഷോക്ക് നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഓട്ടോമെറ്റഡ് ഡിബ്രിഫ്രിലേറ്റര്‍ സംംവിധാനവും ഒരുക്കിയിട്ടുണ്ട്. അപ്പാച്ചിമേട്ടിലും നീലിമലയിലുമുള്ള കാര്‍ഡിയോളജി സെന്ററുകളില്‍ മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജിസ്റ്റിന്റെ സേവനം ലഭ്യമാണ്.

പമ്പ മുതല്‍ സന്നിധാനം വരെയുളള കാല്‍നട യാത്രയില്‍ ഉണ്ടാകുന്ന നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ അവഗണിക്കരുതെന്ന മുന്നറിയിപ്പും ആരോഗ്യ വിഭാഗം നല്‍കുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More