മഹാരാഷ്ട്രയിൽ പതിനൊന്ന് വീതം ക്യാബിനറ്റ് മന്ത്രിസ്ഥാനം പങ്കിടാൻ എൻസിപി-കോൺഗ്രസ് ധാരണ

മഹാരാഷ്ട്രയിൽ പതിനൊന്ന് വീതം ക്യാബിനറ്റ് മന്ത്രി സ്ഥാനം പങ്കിടാൻ എൻസിപി-കോൺഗ്രസ് ധാരണ. ശിവസേനയുമായി ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കും. സർക്കാരിൽ പങ്കാളിയാകുന്നത്തിന് കോൺഗ്രസ് പ്രവർത്തകസമിതി അംഗീകാരം നൽകി.

മഹാരാഷ്ട്രയിൽ 43 അംഗ മന്ത്രിസഭയ്ക്കാണ് ഭരണഘടന അംഗീകാരം. അതിനനുസരിച്ച് പതിനൊന്ന് വീതം ക്യാബിനറ്റ് പദവികൾ മൂന്ന് പാർട്ടികളും പങ്കിടുക എന്നാണ് എൻസിപി-കോൺഗ്രസ് ചർച്ചയിലെ ധാരണ.
ശിവസേനയ്ക്കും എൻസിപിയ്ക്കുമൊപ്പം സർക്കാർ ഉണ്ടാക്കാനുളള കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ ആവശ്യം ഡൽഹിയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയോഗം അംഗീകരിച്ചു. പൊതുമിനിമം പരിപാടിയിൽ വിട്ടുവീഴ്ചയുണ്ടാകാൻ പാടില്ലെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. ശിവസേനയുടെ ഹിന്ദുത്വനയങ്ങൾ മറികടക്കാൻ മതേതരത്വം പൊതുമിനിമം പരിപാടിയിൽ ഉൾപെടുത്തണമെന്ന കോൺഗ്രസ് ആവശ്യത്തിൽ ഭിന്നതയുണ്ട്. അതിന് പകരം ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തിയേക്കും.

കാർഷിക കടം എഴുതി തളളൽ, എല്ലാവർക്കും മിനിമം വരുമാനം ഉറപ്പുവരുത്തുന്ന ന്യായ്പദ്ധതിയും പൊതുമിനിമം പരിപാടിയുടെ ഭാഗമാകും. നാളെ മഹാരാഷ്ട്രയിൽ നടക്കുന്ന യോഗത്തിനുശേഷം സർക്കാർ രൂപീകരണത്തിൽ തീരുമാനമാകും. അഞ്ചുവർഷവും മുഖ്യമന്ത്രിസ്ഥാനം വേണമെന്നാണ് ശിവസേനയുടെ ആവശ്യം. എന്നാൽ രണ്ടരവർഷം വീതം പങ്കുവെയ്ക്കണമെന്നാണ് എൻസിപി ആവശ്യപ്പെട്ടത്. എൻസിപിയും ശിവസേനയും രണ്ടുവർഷം വീതവും ഒരുവർഷം കോൺഗ്രസിനും അവസരം നൽകണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.

Story highlights- maharashtra, shivasena, NCP, Congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More