പാമ്പു കടിയേറ്റാൽ; ലക്ഷണങ്ങളും പ്രതിവിധിയും

വയനാട് ബത്തേരി പുത്തൻകുന്നിൽ സ്‌കൂളിൽ വച്ച് വിദ്യാർത്ഥിനി പാമ്പ് കടിയേറ്റു മരണപ്പെട്ടത് ഞെട്ടലുണ്ടാക്കിയ വാർത്തയാണ്. ആണി കൊണ്ടതാവാമെന്നു പറഞ്ഞ് സ്കൂളിലെ അധ്യാപകർ ആശുപത്രിയിൽ കൊണ്ടു പോകാതിരുന്നതാണ് മരണ കാരണം എന്ന് വിദ്യാർത്ഥികൾ പറയുന്നു. പലപ്പോഴും പാമ്പും പാമ്പ് കടിയും തെറ്റിദ്ധാരണകളുടെയും അബദ്ധ ധാരണകളുടെയും ഇടം കൂടിയാണ്. പാമ്പിനെ ചുറ്റിപ്പറ്റിയുള്ള പ്രേതകഥകളിൽ നിന്നു തുടങ്ങുന്ന ഇത്തരം ധാരണകളും അശ്രദ്ധയും പലപ്പോഴും ജീവനെടുക്കാറുണ്ട്.

പാമ്പ് കടിയേൽക്കാൻ ഏറ്റവും സാധ്യതയുള്ള ശരീരഭാഗങ്ങൾ കൈകാലുകളാണ്. മൂർഖൻ, അണലി, വെള്ളിക്കെട്ടൻ, മാമ്പ തുടങ്ങിയ പാമ്പുകളാണ് നമുക്ക് ഭീഷണിയായി ഉള്ളത്. പാമ്പു കടിയേറ്റാൽ കടിയേറ്റ ആൾക്കുണ്ടാവുന്ന ഭയമാണ് പ്രധാന ലക്ഷണം. ഹൃദയമിടിപ്പ് വർധിക്കൽ, തലകറക്കം, ഓക്കാനം, തളർച്ച, ബോധക്ഷയം, വിയർക്കൽ എന്നിവയൊക്കെ കടിയേറ്റയാളുടെ ഭയവുമായി ബന്ധപ്പെട്ടുണ്ടാവുന്നവകളാണ്. കടിയേറ്റ പാടിൽ വേദനയും ചുവന്ന് തടിപ്പും ഉണ്ടാവും. ഛർദ്ദി, കൈകാൽ മരവിപ്പ്, കാഴ്ചയിലുള്ള പ്രശ്നങ്ങൾ എന്നിവയുണ്ടെങ്കിൽ വിഷം ശരീരത്തിനുള്ളിൽ പ്രവേശിച്ചു എന്ന് ഉറപ്പിക്കാം. ഹൃദയത്തിന്റെയും വൃക്കകളുടെയും നാഡികളുടെയും പ്രവർത്തനം തകരാറിലാകുക, ശ്വാസതടസ്സം, മുറിവിന് ചുറ്റുമുള്ള കോശങ്ങളുടെ നാശം എന്നിവയാണ് വിഷം ഏൽക്കുന്നതു കൊണ്ടുള്ള പ്രശ്നങ്ങൾ. അലർജി കൊണ്ടു ശരീരത്തിനുണ്ടാക്കുന്ന പ്രതിപ്രവർത്തനങ്ങളും ഇതിൽ പെടും.

പാമ്പ് കടിയേറ്റാൽ, കടിയേറ്റ ആൾക്ക് ആത്മധൈര്യം നൽകേണ്ടത് അത്യാവശ്യമാണ്. കടിയേറ്റയാൾ മറ്റുള്ളവരെ അറിയിക്കാനായി ഓടുന്നതു വഴി രക്തത്തിൽ പ്രവേശിച്ച വിഷം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കും. അതുകൊണ്ട് തന്നെ കടിയേറ്റ ആൾ ശരീരഭാഗങ്ങളുടെ ചലനം പരമാവധി കുറയ്ക്കണം. സ്വയം ചികിത്സ നടത്താതിരിക്കുക എന്നതും വളരെ അത്യാവശ്യമായ കാര്യമാണ്. വിഷം ഊതിവലിച്ചെടുക്കുക, കടികൊണ്ട ഭാഗം മുറിച്ചു കളയുക, കടിയേറ്റത്തിനു മുകളിൽ കടുംകെട്ട് കെട്ടുക തുടങ്ങിയ സ്വയം ചികിത്സയൊക്കെ അബദ്ധധാരണയാണ്. ഊതിവലിച്ചെടുത്ത വിഷം കാരണം വായ്‌ക്കുളിൽ പൊള്ളലേൽക്കാനും വിഷം രക്തത്തിൽ കൂടുതൽ കലരാനും കാരണമാകാറുണ്ട്. കടിയേറ്റതിനു മുകളിൽ കെട്ടുന്നത് തർക്ക വിഷയമാണ്. ലിംഫിൻ്റെ ഒഴുക്കിനെ തടയുക എന്നതാണ് ഈ കെട്ടിൻ്റെ ധർമ്മം. മുറുക്കി കെട്ടിയാൽ രക്തയോട്ടം കുറയുകയും അതു വഴി മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. കടുംകെട്ടിനു പകരം ഒരുവിരൽ കടക്കാൻ പാകത്തിലുള്ള അയഞ്ഞ കെട്ടുകൾ ഫലവത്താകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top