ഫുട്‌ബോളിനോടുള്ള അടങ്ങാത്ത ആവേശം; ജെയിംസ് ഇനി സിനിമാതാരം

സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായ ഫുട്‌ബോള്‍ മാന്ത്രികന്‍ ജെയിംസ് ഇനി സിനിമാതാരമാണ്. തികഞ്ഞ പന്തടക്കം കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഫുട്‌ബോള്‍ പ്രതിഭ വയനാട് അമ്പലവയല്‍ മങ്കൊമ്പ് പുളിക്കപ്പറമ്പില്‍ ജെയിംസാണ് പെപ്പെ നായകനാവുന്ന ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തുന്നത്.

കേരളത്തിന്റെ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം വിജയനും ജോപോള്‍ അഞ്ചേരിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയാണ് ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്. ഫുട്‌ബോള്‍ ആരാധകനായാണ് ജെയിംസ് സിനിമയില്‍ വേഷമിടുന്നത്.

കഴിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്ന സമയത്താണ് 62 കാരനായ ജെയിംസിന്റെ പന്തടക്കം സമൂഹ്യമാധ്യമങ്ങളിലൂടെ ലോകം അറിയുന്നത്. ദിവസവും വൈകിട്ട് നാലുമണിമുതല്‍ അമ്പലവയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രയം നോക്കാതെ എല്ലാവരുടെയും കൂടെ പന്ത് തട്ടാന്‍ ജെയിംസുണ്ടാവും. ഭര്‍ത്താവിന്റെ ഫുട്‌ബോള്‍ ഭ്രമത്തിന് ഭാര്യ ഏലിയുടെ പൂര്‍ണ പിന്തുണയുമുണ്ട്. മക്കളായ വിന്‍സ്റ്റനും റോബിന്‍സണും അച്ഛനൊപ്പം പന്ത് തട്ടാന്‍ ഗ്രൗണ്ടില്‍ എത്താറുമുണ്ട്. നാട്ടുകാരനായ ഫുട്‌ബോള്‍ താരം സുശാന്ത് മാത്യുവും നാട്ടിലുള്ളപ്പോള്‍ ജെയിംസിനൊപ്പം പന്തുകളിക്കാറുണ്ട്. 25 ദിവസം നീണ്ട സിനിമാ ചിത്രീകരണത്തിന് ശേഷം സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ജെയിംസും കുടുംബവും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top