ബിപിസിഎൽ വിൽപന; കേന്ദ്ര നീക്കത്തിനെതിരെ എറണാകുളം സിപിഐഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യമതിൽ

കൊച്ചി ബിപിസിഎൽ വിൽക്കാൻ തീരുമാനിച്ച കേന്ദ്ര നീക്കത്തിനെതിരെ സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യമതിൽ തീർത്തു. ചിത്രപ്പുഴ മുതൽ കുഴിക്കാട് വരെ നീണ്ട മനുഷ്യമതിലിൽ നിരവധി ആളുകളാണ് പങ്കെടുത്തത്. ബിപിസിഎൽ വിൽക്കാനുളള നപടിയിൽ നിന്ന് കേന്ദ്രം പിന്നോട്ട് പോകുന്നത് വരെ ശക്തമായ സമരം സംഘടിപ്പിക്കാനാണ് സിപിഐഎംന്റെ തീരുമാനം.
പൊതുമേഖല സ്ഥാപനമായ ബിപിസിഎൽ വിൽക്കാൻ തീരുമാനിച്ച നടപടിക്കെതിരെയാണ് സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യമതിൽ സംഘടിപ്പിച്ചത്. ചിത്രപ്പുഴ മുതൽ കുഴിക്കാട് വരെ 8 കിലോമീറ്റർ നീണ്ട മനുഷ്യമതിലിൽ സിപിഐഎം ജില്ലാ നേതാക്കളും റിഫൈനറിയിലെ തൊഴിലാളികളും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. മനുഷ്യ മതിലിൽ
അണിനിരന്നവർക്ക് പാർട്ടിയുടെ ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കൊച്ചി റിഫൈനറിക്ക് മുന്നിൽ ചേർന്ന പൊതുസമ്മേളനം സിപിഐഎം സെക്രട്ടേറിയേറ്റ് അംഗം എംവി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബിപിസിഎൽ വിൽക്കില്ലെന്ന കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ ഉറപ്പിന് തൊട്ടു പിന്നാലെയാണ് ബിപിസിഎൽ വിൽക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്. ബിപിസിഎൽ വിൽക്കുന്നതിനും പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. ബിപിസിഎൽ വിൽക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് പൊതുമേഖല എണ്ണക്കമ്പനികളിലെ തൊഴിലാളികൾ 28ന് പണിമുടക്കാൻ തീരുമാനിച്ചിട്ടുണ്ട്.
BPCL, Ernakulam CPIM District Committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here