ഷഹ്‌ല ഷെറിന്റെ മരണം; തലസ്ഥാനത്തും പ്രതിഷേധം

വയനാട് സുൽത്താൻ ബത്തേരിയിൽ ക്ലാസ് മുറിയിൽ അഞ്ചാംക്ലാസുകാരി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ തലസ്ഥാനത്തും പ്രതിഷേധം. കെ.എസ്.യു പ്രവർത്തകർ സെക്രട്ടറിയേറ്റ് അനക്‌സിലെ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ഉപരോധിച്ചു. ഓഫീസ് പരിസരത്തേക്ക് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക്പ്രതിഷേധ മാർച്ച് നടത്തി. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ കോലം പ്രവർത്തകർ കത്തിച്ചു. വർഷം തോറും സ്‌കൂൾ വികസനത്തിന് കോടികൾ കേന്ദ്രസർക്കാർ നൽകിയിട്ടും സംസ്ഥാന സർക്കാർ ഇത് വിനിയോഗിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് വിമർശിച്ചു.
ഷഹ്‌ലയുടെ മരണത്തിൽ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിലേക്ക് എസ്എഫ്‌ഐ, കെഎസ്‌യു, എബിവിപി ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. കുറ്റക്കാരായ എല്ലാവർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചത്. രാഷ്ട്രീയം മാറ്റിവച്ച് ഷഹ്‌ലയ്ക്ക് വേണ്ടി വിദ്യാർത്ഥി സംഘടനകൾ ഒറ്റക്കെട്ടായാണ് രംഗത്തിറങ്ങിയത്. പ്രതിഷേധത്തിനിടെ പൊലീസും പ്രവർത്തകരും ഏറ്റുമുട്ടിയിരുന്നു.
അതിനിടെ സംഭവത്തിൽ സർവജന സ്‌കൂളിലെ പ്രധാനാധ്യാപകനേയും പ്രിൻസിപ്പലിനേയും സസ്‌പെൻഡ് ചെയ്തു.സ്‌കൂളിലെ പിടിഎ കമ്മറ്റി പിരിച്ചുവിടുകയും ചെയ്തു.
Story highlights- Snake bite, shahla sherin, protest, ksu, sfi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here