മഹാരാഷ്ട്രയില്‍ ‘മഹാ വികാസ് അഘാഡി’; ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി സഖ്യസര്‍ക്കാര്‍ ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍. ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും ശരത്പവാറിനെ ഇന്നലെ രാത്രിയില്‍ സന്ദര്‍ശിച്ച് സഖ്യരൂപീകരണ സന്നദ്ധത അറിയിച്ചു.
ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയും എന്‍സിപിയിലെ അജിത് പവാറും കോണ്‍ഗ്രസിലെ ബാലാ സാഹേബ് തോറാട്ട് ഉപമുഖ്യമന്ത്രിമാരുമായ ഫോര്‍മുലയ്ക്കാണ് ഇപ്പോള്‍ അന്തിമരൂപമായിരിക്കുന്നത്. മതേതരത്വത്തിന്റെ അടിസ്ഥാനത്തില്‍ പൊതുമിനിമം പരിപാടി അജണ്ടയാക്കിയാണ് സഖ്യം യാഥാര്‍ത്ഥ്യമാക്കുക. കോണ്‍ഗ്രസ് അധ്യക്ഷയുടെ ആശങ്കകളും വ്യവസ്ഥകളും ശരത്പവാര്‍ ഉദ്ധവ് താക്കറെയെ അറിയിച്ചു.
മൂന്നു പാര്‍ട്ടികളും ചേര്‍ന്നുണ്ടാക്കുന്ന സഖ്യത്തിന്റെ പേര് മഹാ പുരോഗമന സഖ്യം എന്നര്‍ത്ഥം വരുന്ന മഹാ വികാസ് അഘാഡി എന്നാകും. മുഖ്യമന്ത്രിയടക്കം നാല്‍പത്തിമൂന്ന് മന്ത്രിമാരെന്ന എന്‍സിപിയുടെ പ്രാഥമിക നിര്‍ദേശത്തോട് ശിവസേനയും യോജിച്ചു. മൂന്ന് കക്ഷികളും ഇന്ന് മുംബൈയില്‍ ചര്‍ച്ച നടത്തി സര്‍ക്കാര്‍ രൂപീകരണ നടപടികളിലേക്ക് കടക്കാന്‍ തീരുമാനിച്ചു. സ്പീക്കര്‍ പദവി കോണ്‍ഗ്രസിനാകും ലഭിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here