‘അന്നൊന്നും വിചാരിച്ചിട്ടില്ല, ഈ മോൾക്ക് ഇത്രയേറെ അഭിനയസിദ്ധിയുണ്ടെന്ന്’; അന്ന ബെന്നിനെ കുറിച്ച് സത്യൻ അന്തിക്കാട്

അന്ന ബെൻ കേന്ദ്രകഥാപാത്രമായി എത്തിയ ഹെലൻ തിയേറ്ററുകളിൽ മികച്ച അഭിപ്രയം നേടി മുന്നേറുകയാണ്. ചിത്രം കണ്ട ശേഷം അന്ന ബെന്നിനെ കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ പങ്കുവച്ച കുറിച്ച് വൈറലായിരിക്കുകയാണ്.
ബെന്നി പി നായരമ്പലത്തിന്റെ വീട്ടിൽ പോയിട്ടുള്ളപ്പോഴൊക്കെ അന്ന യൂണിഫോമിലും അല്ലാതെയും അവിടെ പാറി നടക്കുന്നത് കണ്ടിട്ടുണ്ട്. ഈ മോൾക്ക് ഇത്രയേറെ അഭിനയസിദ്ധിയുണ്ടെന്ന് അന്നൊന്നും വിചാരിച്ചിട്ടില്ലെന്ന് സത്യൻ പറയുന്നു. ‘കുമ്പളങ്ങി നൈറ്റ്‌സ്’ കണ്ടപ്പോൾ എത്ര അനായാസമായാണ് ഈ കുട്ടി അഭിനയിക്കുന്നതെന്ന് തോന്നിയിരുന്നുവെന്ന് സത്യൻ അന്തിക്കാട് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആഹ്ലാദകരമായ ഒരു അമ്പരപ്പിനെ പറ്റി പറയാം.
‘ഹെലൻ’ എന്ന സിനിമ കണ്ടു. പടം തീർന്നിട്ടും കാണികളൊഴിഞ്ഞിട്ടും സീറ്റിൽ നിന്നെഴുന്നേൽക്കാൻ തോന്നിയില്ല. അത്രയേറെ ആ പെൺകുട്ടി എന്നെ കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു.
അന്ന ബെൻ..
ബെന്നി പി നായരമ്പലത്തിന്റെ വീട്ടിൽ പോയിട്ടുള്ളപ്പോഴൊക്കെ അന്ന യൂണിഫോമിലും അല്ലാതെയും അവിടെ പാറി നടക്കുന്നത് കണ്ടിട്ടുണ്ട്. അന്നൊന്നും വിചാരിച്ചിട്ടില്ല ഈ മോൾക്ക് ഇത്രയേറെ അഭിനയസിദ്ധിയുണ്ടെന്ന്. ‘കുമ്പളങ്ങി നൈറ്റ്‌സ്’ കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു, എത്ര അനായാസമായാണ് ഈ കുട്ടി അഭിനയിക്കുന്നതെന്ന്.
ഹെലനിൽ അഭിനയത്തിന്റെ പൂർണ്ണതയെന്താണെന്ന് അന്ന ബെൻ നമ്മളെ ബോദ്ധ്യപ്പെടുത്തുന്നു. എന്തൊരു ചാരുതയാണവളുടെ ഭാവങ്ങൾക്ക് !
ചിറക് വിരിഞ്ഞിട്ടേയുള്ളൂ. മലയാള സിനിമയുടെ ആകാശം നിനക്ക് മുന്നിൽ തുറന്ന് കിടക്കുന്നു.
ഇനി ആത്മവിശ്വാസത്തോടെ പറക്കാം. ഒരു പാട് പ്രശംസകളും അംഗീകാരങ്ങളും അന്നയെ കാത്തിരിക്കുന്നുണ്ട്. മനസ്സ് നിറഞ്ഞ സ്‌നേഹവും പ്രാർത്ഥനയും.
വിനീതിനും, ആദ്യ സിനിമ ഹൃദ്യമാക്കിയ മാത്തുക്കുട്ടി സേവ്യറിനും, ഷാനും മറ്റെല്ലാ അണിയറ പ്രവത്തകർക്കും അഭിനന്ദനങ്ങൾ.
Story highlights- Helen, anna ben, sathyan anthikkad, vineeth sreenivasan, benny p nayarambalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here