യൂത്ത് കോണ്‍ഗ്രസിലെ സംഘടനാ തെരഞ്ഞെടുപ്പ്; ദേശീയ അധ്യക്ഷന് കോടതിയുടെ നോട്ടീസ്

സംസ്ഥാന യൂത്ത് കോണ്‍ഗ്രസിലെ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദേശീയ അധ്യക്ഷന് കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നോട്ടീസ്. തെരഞ്ഞെടുപ്പു പ്രക്രിയ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. കേസ് പരിഗണിക്കുന്നത് ഈ മാസം 29 ലേക്ക് മാറ്റി.

യൂത്ത് കോണ്‍ഗ്രസിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമായാണ് നിലവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തകരായ ബേസില്‍ പോളും സച്ചിന്‍ സി തങ്കപ്പനും കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ ചുമതലപ്പെടുത്തിയ ഫെയിം എന്ന ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് ഭീമമായ തുക പിരിച്ച് പ്രക്രിയ നടത്തുന്നു എന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. പ്രാഥമിക അംഗത്വത്തിന് ഒരു രൂപയും സ്ഥിരാംഗത്വത്തിന് 11 രൂപയുമാണ് സംഘടന നിശ്ചയിച്ചിരിക്കുന്ന തുക. എന്നാല്‍ ഓണ്‍ലൈനായി 75 രൂപയും നേരിട്ട് 125 രൂപയുമാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ ചുമത്തുന്നത്. ഏകദേശം ആറ് കോടിയോളം രൂപ ഇത്തരത്തില്‍ പിരിച്ചു എന്നും ആക്ഷേപമുണ്ട്.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോലഞ്ചേരി ജൂഡീഷ്യന്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ബേസില്‍ പോളും സച്ചിന്‍ സി തങ്കപ്പനും ഹര്‍ജി നല്‍കിയത്. നിലവിലുള്ള യൂത്ത് കോണ്‍ഗ്രസ് ഭരണഘടന പൊളിച്ചെഴുതാനോ കൂട്ടി ചേര്‍ക്കാനോ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിക്കാണ് അധികാരം. എന്നാല്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നത്.

2018 നവംബറില്‍ തുടങ്ങിയ തെരഞ്ഞെടുപ്പ് പ്രക്രിയ അനിശ്ചിതമായി നീളുകയാണ്. യൂത്ത് കോണ്‍ഗ്രസ് ഭരണഘടനയ്ക്ക് വിരുദ്ധമായി നടത്തുന്ന തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ താത്കാലികമായി നിറുത്തിവച്ച് ഉത്തരവുണ്ടാകണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ നേത്യത്വത്തിന് അടിയന്തിര നോട്ടീസ് അയയ്ക്കാന്‍ കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തീരുമാനിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഈ മാസം 29 ലേക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top