ഇറാൻ വാർത്താവിനിമയ മന്ത്രിക്കെതിരെ അമേരിക്കയുടെ ഉപരോധം

ഇറാൻ വാർത്താവിനിമയ മന്ത്രി മുഹമ്മദ് ജവാദിനെതിരെ അമേരിക്കയുടെ ഉപരോധം. ഇറാനിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ജനകീയ പ്രക്ഷോഭത്തെ നിയന്ത്രിക്കാൻ രാജ്യത്തെ ഇന്റർനെറ്റ് സംവിധാനം അടച്ചിട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് അമേരിക്കയുടെ നടപടി.

ഉപരോധം നിലവിൽ വരുന്നതോടെ അമേരിക്കയുടെ അധികാരപരിധിയിൽ മുഹമ്മദ് ജവാദിനുള്ള സ്വത്തുകൾ മരവിപ്പിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ട്രഷറി സെക്രട്ടറി സ്റ്റെവിൻ മെന്യൂചിൻ പ്രസ്താവനയിൽ അറിയിച്ചു. ലക്ഷകണക്കിന് ഇറാനിയൻ പൗരന്മാരെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന ഇൻറർനെറ്റ് ബന്ധം വിച്ഛേദിച്ചത് വഴി കനത്ത അപരാതമാണ് മുഹമ്മദ് ജവാദ് ഇറാനിലെ ജനങ്ങളോട് ചെയ്തതെന്നും മെന്യൂചിൻ വ്യക്തമാക്കി.

എണ്ണ വിലയിൽ വരുത്തിയ വർധനവിനെതിരെ കഴിഞ്ഞ വെള്ളിയാഴ്ച്ച മുതലാണ് ഇറാനിൽ പ്രക്ഷോഭം ശക്തമായത്. പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 100 അധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ജനകീയ പ്രതിഷേധം കൂടുതൽ വ്യാപിക്കുന്നത് തടയുന്നതിനായി ഇറാനിയൻ സർക്കാർ രാജ്യത്തെ ഇൻറർനെറ്റ് സംവിധാനത്തിന് അഞ്ചു ദിവസത്തോളം വിലക്കേർപ്പെടുത്തിയിരുന്നു. വ്യാപക പ്രതിഷേധമാണ് ഇതിനെതിരെ ലോകത്തെങ്ങും ഉയർന്നത്. വിച്ഛേദിച്ച ഇന്റർനെറ്റ് കണക്ഷനുകൾ ഇന്നലെ മുതൽ പുനസ്ഥാപിച്ചതായി ഇറാനിയൻ അധികൃതർ അറിയിച്ചു.

Iran's communications minister,US

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top