Advertisement

മോഡറേഷൻ ക്രമക്കേട്; കേരള സർവകലാശാലയിൽ ഗുരുതര സുരക്ഷാ അനാസ്ഥയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ

November 24, 2019
Google News 0 minutes Read

കേരള സർവകലാശാലയിൽ ഗുരുതര സുരക്ഷാ അനാസ്ഥയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. മോഡറേഷൻ ക്രമക്കേടിൽ പ്രാഥമിക അന്വേഷണം നടത്തിയ ജില്ലാ ക്രൈംബ്രാഞ്ചിന്റേതാണ് കണ്ടെത്തൽ. ഡെപ്യൂട്ടി രജിസ്ട്രാർക്ക് പോലും പ്രത്യേകം കമ്പ്യൂട്ടർ അനുവദിച്ചിട്ടില്ലെന്നും, ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസർ ഐഡിയും വിവരങ്ങളും മറ്റ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. വീഴ്ച്ച മറയാക്കി ആരെങ്കിലും തട്ടിപ്പ് നടത്തിയോ എന്നറിയാൻ കേസെടുത്ത് അന്വേഷിക്കണമെന്ന് ജില്ലാ ക്രൈംബ്രാഞ്ച് ശുപാർശ നൽകി.

മോഡറേഷൻ ക്രമക്കേടിൽ കമ്പ്യൂട്ടർ സെന്ററിനെ മാത്രം പഴി ചാരിയുള്ള വിദഗ്ധ സമിതി റിപ്പോർട്ട് പൂർണമായും തള്ളുന്നതാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. പ്രാഥമിക അന്വേഷണത്തിൽ തന്നെ സർവകലാശാലയിൽ ഗുരുതര സുരക്ഷാ അനാസ്ഥയുണ്ടെന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തി. സെക്ഷനുകളിൽ ആവശ്യത്തിനുള്ള സുരക്ഷാ മുൻകരുതലുകളില്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

മോഡറേഷൻ ക്രമക്കേടിന്റെ ഉറവിടമെന്നു വിലയിരുത്തുന്ന ഇഎസ് സെക്ഷനിലാണ് ഗുരുതര അനാസ്ഥയുള്ളത്. തൊഴിലധിഷ്ഠിത ഡിഗ്രി കോഴ്‌സുകൾ കൈകാര്യം ചെയ്യുന്ന ഈ സെക്ഷനിൽ ഉദ്യോഗസ്ഥർക്ക് പ്രത്യേകം കമ്പ്യൂട്ടർ അനുവദിച്ചിട്ടില്ല. ഉദ്യോഗസ്ഥർ മാറി മാറി കമ്പ്യൂട്ടർ ഉപയോഗിക്കുന്ന സാഹചര്യമാണുള്ളത്. മോഡറേഷൻ മാർക്ക് അനുവദിക്കുന്ന ഡെപ്യൂട്ടി രജിസ്ട്രാർക്ക് പോലും പ്രത്യേകം കമ്പ്യൂട്ടർ അനുവദിച്ചിട്ടില്ലെന്നും, ഇത് കെടുകാര്യസ്ഥതയുടെ തീവ്രത വെളിവാക്കുന്നുവെന്നും ക്രൈംബ്രാഞ്ചിന്റെ പരിശോധനയിൽ ബോധ്യപ്പെട്ടു. ഡെപ്യൂട്ടി രജിസ്ട്രാർ തന്റെ യൂസർ ഐഡി യും വിവരങ്ങളും മറ്റ് ഉദ്യോഗസ്ഥർക്കു ഉപയോഗിക്കാൻ അവസരം നൽകാറുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇങ്ങനെയുള്ള അനാസ്ഥ കാരണം ആർക്കാണ് വീഴ്ച സംഭവിച്ചതെന്ന് പോലും കണ്ടെത്താനാകാത്ത അവസ്ഥയാണുള്ളതെന്നും ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു.

ഈ വീഴ്ചകൾ മുതലെടുത്താണോ മോഡറേഷൻ ക്രമക്കേട് നടത്തിയതെന്ന് ക്രൈംബ്രാഞ്ചിന്‌ സംശയമുണ്ട്. ക്രമക്കേട് പൂർണമായും കണ്ടെത്താൻ കേസെടുത്തു വിശദമായി അന്വേഷിക്കണമെന്ന് ശുപാർശ ചെയ്യുന്നതാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. റിപ്പോർട്ട് ഉടൻ ഡിജിപിക്കു കൈമാറും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here