വീണ്ടും പരുക്ക്; ബ്ലാസ്റ്റേഴ്സിന്റെ ദൗർഭാഗ്യം അവസാനിക്കുന്നില്ല

പരുക്കിൽ മുടന്തി വലയുന്ന കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി വീണ്ടും പരുക്ക്. മലയാളി സ്ട്രൈക്കർ മുഹമ്മദ് റാഫിക്കാണ് ഏറ്റവും അവസാനമായി പരുക്കേറ്റത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിലായിരുന്നു വെറ്ററൻ സ്ട്രൈക്കർക്ക് പരുക്കു പറ്റിയത്.
മത്സരത്തിൻ്റെ 77ആം മിനിട്ടിൽ അബ്ദുൽ ഹക്കുവിനു പകരമാണ് റാഫി കളത്തിലിറങ്ങിയത്. 80ആം മിനിട്ടിൽ ബെംഗളൂരു എഫ്സിയുടെ കോർണർ കിക്ക് ഒരു അക്രോബാറ്റിക് എഫേര്‍ട്ടിലൂടെ രക്ഷപ്പെടുത്തുന്നതിനിടെയായിരുന്നു റാഫിക്ക് പരിക്കേറ്റത്. പരുക്കേറ്റ് റാഫി പുറത്തു പോയതോടെ മൂന്നു സബുകളും നേരത്തെ ഉപയോഗിച്ച് കഴിഞ്ഞതു കൊണ്ട് അവസാന 10 മിനിട്ടിൽ ബ്ലാസ്റ്റേഴ്സിന് 10 പേരുമായി കളി പൂർത്തിയാക്കേണ്ടി വന്നു. റാഫിക്ക് രണ്ടാഴ്ച മുതൽ നാലാഴ്ച വരെ വിശ്രമം വേണ്ടി വരുമെന്നാണ് വിവരം.
നേരത്തെ സന്ദേശ് ജിങ്കൻ, ജെയ്റോ റോഡ്രിഗസ്, ജിയാനി സൂയിവെർലൂൺ, മരിയോ ആർക്കസ് തുടങ്ങിയവരൊക്കെ പരുക്കേറ്റ് പുറത്തായിരുന്നു. ഇവർക്കൊപ്പം മലയാളി താരം അർജുൻ ജയരാജ് പരുക്കിനെത്തുടർന്ന് ടീമിൽ ഉൾപ്പെട്ടിരുന്നില്ല. ജെയ്റോക്ക് പകരം മാസിഡോണിയൻ സെന്റർ ബാക്ക് വ്‌ലാറ്റ്‌കോ ഡ്രോബറോവ് ടീമിലെത്തിയിരുന്നു. പ്രതിരോധത്തിലെ വിദേശികളൊക്കെ പരുക്കേറ്റ് പുറത്തായതിനാൽ ഓൾ ഇന്ത്യൻ ഡിഫൻസിനെയാണ് കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കിയത്.
മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. മികച്ച കളി കാഴ്ച വെച്ചിട്ടും ഫൈനൽ തേർഡിലെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സിൻ്റെ തോൽവിക്ക് കാരണമായത്. സുനിൽ ഛേത്രിയാണ് ബെംഗളൂരുവിനായി ഗോൾ നേടിയത്. 54 ആം മിനിറ്റിലായിരുന്നു ഛേത്രിയുടെ വിജയ ഗോൾ. ഡിമാസ് ഡെൽഗാഡോയുടെ കോർണറിൽ നിന്നായിരുന്നു ഗോൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here