കൊരട്ടി പള്ളിയിലെ സാമ്പത്തിക ക്രമക്കേട്; പ്രതിഷേധവുമായി ഒരു വിഭാഗം വിശ്വാസികള്‍

തൃശൂര്‍ കൊരട്ടി പള്ളിയിലെ സാമ്പത്തിക ക്രമക്കേടില്‍ പ്രതിഷേധവുമായി ഒരു വിഭാഗം വിശ്വാസികള്‍. പാരിഷ് കൗണ്‍സില്‍ യോഗം നടക്കുന്ന പള്ളിയിലേക്കെത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.
ക്രമക്കേട് സംബന്ധിച്ച് കണ്ടെത്തലുകള്‍ ഉണ്ടായിട്ടും പള്ളി വികാരിയും സംഘവും കുറ്റം ചെയ്തവരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
എറണാകുളം അങ്കമാലി അതിരൂപതയിലെ കൊരട്ടി സെന്റ് മേരീസ് ഫെറോന പള്ളിയില്‍ പാരിഷ് കൗണ്‍സില്‍ യോഗം ചേരാനിരിക്കെയാണ് ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി പള്ളി കോമ്പൗണ്ടിനകത്തേക്കെത്തിയത്. പ്രതിഷേധക്കാരെ പള്ളി അങ്കണത്തില്‍ പൊലീസ് തടഞ്ഞു. ഇത് ചെറിയ തോതില്‍ വാക്കേറ്റത്തിലേക്ക് കാര്യങ്ങളെ എത്തിച്ചു.
പൊലീസ് സമരക്കാരുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ പ്ലക്കാര്‍ഡുകള്‍ ഉപേക്ഷിച്ച് സമരക്കാര്‍ പള്ളിക്കകത്ത് തുടര്‍ന്നു. ഇതിനിടെ വികാരിയുടേയും സഭാ നേതൃത്വത്തിന്റയും നിലപാടില്‍ പ്രതിഷേധിച്ച് ഒരു പാരിഷ് കൗണ്‍സിലര്‍ രാജിവച്ചു.
പള്ളിയിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് അന്വേഷിക്കാന്‍ ചാലക്കുടി മുന്‍സിഫ് കോടതി നിയോഗിച്ച പി എസ് ആന്റണി കമ്മീഷന്‍ മുന്‍ വികാരിയും സംഘവും 31 കോടിയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നു. സ്വര്‍ണ വില്പനയിലും ഭൂമി കച്ചവടത്തിലുമടക്കം വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here