കലോത്സവത്തിനെത്തുന്ന മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും ‘ ഓര്‍മ ട്രോഫി ‘

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും ഉപഹാരം നല്‍കാനൊരുങ്ങി സംഘാടകര്‍. ഓര്‍മ ട്രോഫി എന്ന പേരില്‍ 12,000 ട്രോഫികളാണ് തയാറാക്കുന്നത്.
കാഞ്ഞങ്ങാടിന്റെ സ്‌നേഹം എന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ മത്സരത്തിനെത്തുന്ന മുഴുവന്‍ കുട്ടികള്‍ക്കും നാടിനെ ഓര്‍മപ്പെടുത്തുന്ന ഓര്‍മ ട്രോഫി നല്‍കാനാണ് ഇത്തവണ സംഘാടകരുടെ തീരുമാനം. പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ കുട്ടികള്‍ക്ക് ട്രോഫി നല്‍കും. ജില്ലയിലെ വിവിധ സാംസ്‌കാരിക സംഘടനകളുടെ സഹായത്തോടെയാണ് ഓര്‍മ ട്രോഫി തയാറാക്കുന്നത്.
കൗമാര കലയുടെ ഉത്സവത്തിന് വിരുന്നെത്തുന്നവരെ മനം നിറഞ്ഞ് സ്‌നേഹിക്കാന്‍ ആതിഥേയര്‍ ഒരുങ്ങിക്കഴിഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കൊടിമരമുയരുക കാസര്‍ഗോഡന്‍ ചരിത്രം രചിച്ചു കൊണ്ടായിരിക്കും.
സാധാരണ രീതികളില്‍ നിന്നും വ്യത്യസ്തമായി ബേക്കല്‍ കോട്ടയുടെ മാതൃകയില്‍ തീര്‍ത്ത കൊടിമരമാണ് കലോത്സവത്തിന് കാസര്‍ഗോഡന്‍ ചന്തം നല്‍കുക. ശില്പികളുടെ നാട്ടില്‍ നിന്നും മൂന്നാഴ്ച നീണ്ട പരിശ്രമത്തിലാണ് തുളുനാടിന്റെ അടയാളമായി കൊടിമരം തയാറാവുന്നത്. ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് കവുങ്ങിലും പ്ലൈലൈവുഡിലുമാണ് നിര്‍മാണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here