‘അധ്യാപകരെ പിരിച്ചുവിടണം, പിടിഎ ഭാരവാഹികളെ കയറ്റരുത്’; സർവജന സ്‌കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

ക്ലാസ് റൂമിൽവച്ച് വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സുൽത്താൻ ബത്തേരി സർവജന ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്നും വിദ്യാർത്ഥികളുടെ പ്രതിഷേധം. അധ്യാപകരെ പിരിച്ചുവിടണമെന്നും പിടിഎ ഭാരവാഹികൾ സ്‌കൂളിൽ പ്രവേശിക്കരുതെന്നും ആവശ്യപ്പെട്ടാണ് സമരം. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥൻ എഎസ്പി വൈഭവ് സക്‌സേന സ്‌കൂളിലെത്തി അധ്യാപകരുടെ മൊഴിയെടുത്തു

സ്‌കൂളിലെ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ നേതൃത്വത്തിലാണ് ഇന്ന് പ്രതിഷേധം നടന്നത്. അധ്യാപകരുടെ വാഹനങ്ങൾക്ക് പ്രവേശനമില്ല എന്ന് ഗേറ്റിൽ ബോർഡുംവച്ചു. തുടർന്ന് വിദ്യാലയ അങ്കണത്തിലൂടെ പ്രകടനമായി നീങ്ങി. സ്‌കൂളിൽ എത്തിയ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് മുമ്പാകെ വിദ്യാർത്ഥികൾ പ്രതിഷേധം അറിയിച്ചു. കുറ്റക്കാർക്കെതിരെ മാത്രമേ നടപടിയെടുക്കൂ എന്ന് മന്ത്രി പറഞ്ഞു.

തുടർന്ന് പ്രകടനമായി നീങ്ങിയ വിദ്യാർത്ഥികൾ എഇഒ ഓഫീസിൽ പരാതി നൽകി. സ്‌കൂളിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും മൊഴിയെടുത്തു. മാനന്തവാടി എഎസ്പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ലീഗൽ സർവീസസ് അതോറിറ്റിയും തെളിവെടുപ്പ് നടത്തി. ഹൈസ്‌കൂൾ വിഭാഗത്തിൽ നാളെ ക്ലാസുകൾ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി സ്‌കൂളിൽ ഇന്ന് ശുചീകരണ പ്രവർത്തികൾ നടന്നു. യുപി വിഭാഗത്തിന് ഒരാഴ്ച കൂടി അവധിയായിരിക്കും.

ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റർ കേസിൽ ഇപ്പോൾ രേഖപ്പെടുത്തുന്ന അധ്യാപകരുടെ മൊഴി നിർണ്ണായകമാണ്. പ്രശ്‌നങ്ങൾ പരിഹരിച്ച് വേഗത്തിൽ ക്ലാസുകൾ ആരംഭിക്കണമെന്നാണ് ഒരു വിഭാഗം രക്ഷിതാക്കളും വിദ്യാർത്ഥികളും ആവശ്യപ്പെടുന്നത്.

Story highlights- Shahla sherin, anake bite, protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top