ഡൽഹി വായുമലിനീകരണം; ജനങ്ങളെ ഗ്യാസ് ചേമ്പറിൽ ജീവിക്കാൻ അനുവദിക്കുന്നതിലും ഭേദം സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഒറ്റയടിക്ക് കൊല്ലുകയല്ലേയെന്ന് സുപ്രിംകോടതി

ഡൽഹിയിലെ വായുമലിനീകരണം തടയാൻ കാര്യക്ഷമമായ നടപടികൾ എടുക്കാത്തതിൽ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. ജനങ്ങളെ ഗ്യാസ് ചേമ്പറിൽ ജീവിക്കാൻ അനുവദിക്കുന്നതിലും ഭേദം സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഒറ്റയടിക്ക് കൊല്ലുകയല്ലേ
നല്ലതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ചോദിച്ചു. മലിനീകരണം രാഷ്ട്രീയ
വത്ക്കരിക്കരുതെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് താക്കീത് നൽകി.

വായുമലിനീകരണം കാരണം രാജ്യതലസ്ഥാനത്തെ ആളുകളുടെ ആയുർ ദൈർഘ്യം കുറയുകയാണ്. ജനങ്ങൾ ശ്വാസംമുട്ടി മരിച്ചോട്ടേ എന്നാണോ കരുതുന്നതെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളോട് സുപ്രിംകോടതി ചോദിച്ചു. പൗരന്മാരുടെ ആയുസ് കുറക്കാൻ ഒരു സർക്കാരിനെയും കോടതി അനുവദിക്കില്ല. കേന്ദ്ര സംസ്ഥാന സർക്കാറുകൾ പരസ്പരം പഴിചാരുന്നത് ജനം എന്തിന് സഹിക്കണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ചോദിച്ചു.

Read Also : ‘ഗൗതം ഗംഭീറിനെ കാണാനില്ല’; ഡൽഹിയിൽ വിവിധയിടങ്ങളിൽ പോസ്റ്ററുകൾ

പാടങ്ങളിലെ വൈക്കോൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതിനെതിരെ സർക്കാർ സ്വീകരിച്ച മുൻകരുതൽ എന്തൊക്കെയെന്ന് പഞ്ചാബ് ചീഫ് സെക്രട്ടറിയോട് ചോദിച്ച കോടതി മുൻ ഉത്തരവിൽ എന്തു നടപടികൾ സ്വീകരിച്ചുവെന്നും ആരാഞ്ഞു. പഞ്ചാബ് കൃത്യമായ നടപടികളെടുക്കാത്തതിനാൽ ഡൽഹിയിലെ ജനങ്ങൾ പുക ശ്വസിച്ച് മരിക്കുകയും കാൻസർ ബാധിതരാകുകയാണെന്നും കോടതി നിരീക്ഷിച്ചു. ഹരിയാന ചീഫ് സെക്രട്ടറിയെയും നിശിതമായി കോടതി വിമർശിച്ചു. മലിനീകരണം തടയാൻ നടപടി സ്വീകരിക്കാത്ത താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർ മുതൽ എല്ലാ സ്ഥാപനങ്ങൾക്കും വൻ പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top