Advertisement

അനുമതിയില്ലാതെ ഫ്ളാറ്റ് നിര്‍മിച്ച് വില്‍പ്പന നടത്തിയും വാടകയ്ക്ക് നല്‍കിയും തട്ടിപ്പ്

November 25, 2019
Google News 0 minutes Read

തലസ്ഥാനത്ത് അനുമതിയില്ലാതെ ഫ്ളാറ്റ് നിര്‍മിച്ച് വില്‍പ്പന നടത്തിയും വാടകയ്ക്ക് നല്‍കിയും തട്ടിപ്പ്. അനധികൃതമായി നിര്‍മിച്ച ഫ്ളാറ്റിനു കോര്‍പ്പറേഷന്‍ അനുമതി നല്‍കയിട്ടില്ലെന്നിരിക്കെയാണിത്. ഫ്ളാറ്റുകള്‍ വാങ്ങിയവര്‍ക്കും വാണിജ്യ ആവശ്യത്തിനു വാടകയ്ക്ക് എടുത്തവരും ഇതോടെ പെരുവഴിയിലായി. പരാതിയെ തുടര്‍ന്ന് തട്ടിപ്പിനെക്കുറിച്ച് തദ്ദേശഭരണ ഓംബുഡ്സ്മാന്‍ അന്വേഷണം തുടങ്ങി.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ വികാസ് ഭവന്‍ കെട്ടിടത്തിനു പിറകിലാണ് കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ നെപ്റ്റിയൂണ്‍ എന്ന പേരില്‍ അഞ്ച് നിലകളുള്ള ഫ്ളാറ്റ് നിര്‍മിച്ചത്. റോഡില്‍ നിന്നുള്ള നിശ്ചിത അകലം പാലിക്കാതെയും ഫയര്‍ ആന്‍ഡ് റസ്‌ക്യൂവിന്റെ മാനദണ്ഡം പാലിക്കാതെയുമാണ് ഫ്ളാറ്റ് നിര്‍മാണം.

ഫ്ളാറ്റ് നിര്‍മിച്ചിരിക്കുന്നത് ഫ്ളാറ്റ് തട്ടിപ്പ് കേസില്‍ പ്രതിസ്ഥാനത്തുള്ള സാംസണ്‍ ആന്‍ഡ് സണ്‍സ് ആണ്. കേസില്‍പ്പെട്ടതോടെ സാംസണ്‍ ആന്‍ഡ് സണ്‍സിന്റെ പേരും എംബ്ലവും മറച്ചുവച്ചാണ് വില്‍പ്പന നടത്തിയത്. 15 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള ഹൈറൈസ്ഡ് ബില്‍ഡിംഗിനു മൂന്നു വശങ്ങളിലും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വാഹനം കടന്നുപോകുന്നതിനുള്ള വഴി വേണം. മാത്രമല്ല റേഡില്‍ നിന്നും അഞ്ചു മീറ്റര്‍ അകലം വേണമെന്നുമാണ് നിബന്ധന. എന്നാല്‍ നെപ്റ്റിയൂണ്‍ ഫ്ളാറ്റിന്റെ നിര്‍മാണത്തില്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല.
റോഡില്‍ നിന്നും നിശ്ചിത ദൂരമില്ലാത്തതിനാല്‍ ഫ്ളാറ്റിലേക്കുള്ള പ്രധാന പ്രവേശന കവാടം കോര്‍പ്പറേഷന്‍ ഇടപെട്ട് അടപ്പിക്കുകയും മതില്‍ പൊളിക്കുകയും ചെയ്തു. ഇതിനുശേഷം തകരം കൊണ്ടു നിര്‍മിച്ച താല്‍ക്കാലിക വഴിയാണ് ഫ്ളാറ്റില്‍ പ്രവേശിക്കാനുള്ളത്. പന്ത്രണ്ടു പേരാണു ഇവിടെ ഫ്ളാറ്റ് വാങ്ങിയിരിക്കുന്നത്.

അനധികൃത ഫ്ളാറ്റിനെതിരെ ലഭിച്ച പരാതിയില്‍ തദ്ദേശഭരണ ഓംബുഡ്സ്മാന്‍ അന്വേഷണം തുടങ്ങി. സാംസണ്‍ ആന്‍ഡ് സണ്‍സ് തങ്ങളുടെ ഭൂമിയില്‍ നിര്‍മിച്ച ഫ്ളാറ്റിനു അപാകതകളുള്ളതിനാല്‍ കോര്‍പ്പറേഷന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് സ്ഥലം ഉടമ കോശി മാമ്മന്‍ സ്ഥിരീകരിച്ചു. എല്ലാ എതിര്‍പ്പുകളും അവഗണിച്ച് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയതെന്നാണ് കോര്‍പ്പറേഷനും ഓംബുഡ്സ്മാനും ലഭിച്ച പരാതിയില്‍ പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here