ബിന്ദു അമ്മിണി സര്‍ക്കാരിനെതിരെ സുപ്രിംകോടതിയിലേക്ക്

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതി ഉത്തരവ് ലംഘിച്ചുവെന്ന് ആരോപിച്ച് ബിന്ദു അമ്മിണി സുപ്രിംകോടതിയെ സമീപിക്കും. കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായി ബിന്ദു അമ്മിണിയുടെ അഭിഭാഷക പറഞ്ഞു. ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കാനാകില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് ബിന്ദുവിന്റെ പുതിയ നീക്കം.

സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ് സിംഗിന്റെ ജൂനിയര്‍ അഭിഭാഷകന്‍ പ്രശാന്ത് പത്മനാഭനാണ് ബിന്ദുവിന് വേണ്ടി ഹാജരാവുക. ആക്രമണത്തില്‍ മുഖത്തും കഴുത്തിലും ബിന്ദുവിന് പരുക്കുണ്ടെന്നും തൃപ്തിയും സംഘവും രക്ഷപ്പെട്ടപ്പോള്‍ ആര്‍എസ്എസ് ദളിത് സ്ത്രീയെ ആക്രമിച്ചുവെന്നും ബിന്ദുവിന്റെ അഭിഭാഷക ട്വന്റിഫോറിനോട് പറഞ്ഞു.

ഇന്ന് രാവിലെ ശബരിമല ദര്‍ശനത്തിനായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി കമ്മിഷണര്‍ ഓഫീസിലെത്തിയപ്പോഴാണ് ബിന്ദു അമ്മിണിയെ പ്രതിഷേധക്കാര്‍ ആക്രമിച്ചത്. ബിന്ദു അമ്മിണിയുടെ മുഖത്തേക്ക് മുളക് സ്‌പ്രേ ചെയ്ത ഹിന്ദു ഹെല്‍പ് ലൈന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ശ്രീനാഥ് പത്മനാഭനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമത്തില്‍ പരുക്ക് പറ്റിയ ബിന്ദു അമ്മിണിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലും വ്യാപക പ്രതിഷേധങ്ങളുണ്ടായി.

Story Highlights-  Tripti Desai, Sabarimala, bindu ammini, supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top