അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയ ഐഎസ് സംഘത്തിൽ മകൾ നിമിഷയുണ്ടെന്ന് അമ്മ

അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയ ഐഎസ് സംഘത്തിൽ മലയാളിയായ നിമിഷയുണ്ടെന്ന് അമ്മ ബിന്ദുവിന്റെ സ്ഥിരീകരണം. എന്നാൽ ഇക്കാര്യം എൻഐഎ സ്ഥിരീകരിച്ചിട്ടില്ല. എൻഐഎ കൈമാറിയ ചിത്രങ്ങളിൽ നിന്ന് പേരക്കുഞ്ഞിനേയും മരുമകനേയും തിരിച്ചറിഞ്ഞു. മകളും ഇവർക്കൊപ്പം ഉണ്ടാകുമെന്നും ബിന്ദു ട്വന്റിഫോറിനോട് വ്യക്തമാക്കി.
രണ്ടാഴ്ച മുൻപാണ് അഫ്ഗാനിസ്ഥാനിലെ നങ്ഗർഹറിൽ 900 അംഗ ഇസ്ലാമിക് സ്റ്റേറ്റ് സംഘം കീഴടങ്ങിയത്. ഇക്കൂട്ടത്തിൽ കേരളത്തിൽ നിന്നുള്ള നിമിഷയും ഭർത്താവ് ബെക്‌സിൻ വിൻസന്റ് എന്ന ഈസയും മകളും ഉണ്ടെന്നാണ് നിമിഷയുടെ അമ്മ ബിന്ദു വ്യക്തമാക്കിയിരിക്കുന്നത്. നങ്ഗർഹറിൽ ഇത്രയധികം പേർ ഒന്നിച്ച് കീഴടങ്ങിയെന്ന വിവരം വന്നതിന് പിന്നാലെയാണ് എൻഐഎ ചില ചിത്രങ്ങൾ അയച്ചു തന്നതെന്ന് ബിന്ദു പറയുന്നു. ഇതിൽ തന്റെ മരുമകനെ കാണാമായിരുന്നു. കൊച്ചുമകൾ ഒരു സ്ത്രീയുടെ മടിയിൽ ഇരിക്കുന്നതും കാണുന്നുണ്ട്. എല്ലാ സ്ത്രീകളും തലയിലൂടെ മുഖാവരണം ധരിച്ചാണ് ഇരിക്കുന്നതെന്നും അതുകൊണ്ട് മുഖം വ്യക്തമല്ലെന്നും ബിന്ദു പറയുന്നു.
മരുമകന്റേതായി ലഭിച്ച ചിത്രങ്ങൾ പാലക്കാട് യാക്കരയിലുള്ള ബെക്‌സിന്റെ അമ്മ ഗ്രേസിക്ക് അയച്ചുകൊടുത്തിരുന്നു. സ്വന്തം മകൻ തന്നെയാണതെന്ന് അവർ സ്ഥിരീകരിച്ചെന്നും ബിന്ദു പറഞ്ഞു.
Story highlights- ISIS, nimisha fathima, Afganistan, NIA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here