ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ട്വന്റിട്വന്റി; ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഇന്ന് ആരംഭിക്കും

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ട്വന്റിട്വന്റി ക്രിക്കറ്റ് മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന ഇന്ന് ആരംഭിക്കും. ചലച്ചിത്രതാരം മമ്മൂട്ടി ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ഏഴിന് നടക്കുന്ന ഉദ്ഘാടനത്തിനു ശേഷം ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാകും. ഡിസംബര്‍ എട്ടിനാണ് മത്സരം.
ടിക്കറ്റ് ബുക്കിംഗിനായുള്ള ലിങ്ക് കെസിഎ വെബ്‌സൈറ്റില്‍ ലഭിക്കും. കെസിഎയുടെ ടിക്കറ്റിംഗ് പാര്‍ട്ണര്‍ പേടിഎം ആണ്. പേടിഎം ആപ്പ്, പേടിഎം ഇന്‍സൈഡര്‍, പേടിഎം വെബ്‌സൈറ്റ് (www.insider.in, paytm.com, keralacricketassociation.com)എന്നിവ വഴി ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.
ടിക്കറ്റ് നിരക്കുകള്‍
അപ്പര്‍ ടയര്‍ ടിക്കറ്റുകള്‍ക്ക് 1000 രൂപയും ലോവര്‍ ടയര്‍ ടിക്കറ്റുകള്‍ക്ക് 2000 രൂപയും സ്‌പെഷ്യല്‍ ചെയര്‍ ടിക്കറ്റുകള്‍ക്ക് 3000 രൂപയും എക്‌സിക്യൂട്ടീവ് പവലിയനില്‍ (ഭക്ഷണമുള്‍പ്പടെ) 5000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ജിഎസ്ടിയും കേരള പ്രളയസെസും ഉള്‍പ്പെടെയാണ് ഈ തുക. ഒരാള്‍ക്ക് ഒരു ഇമെയില്‍ ഐഡിയില്‍ നിന്നും ഒരു മൊബൈല്‍ നമ്പറില്‍ നിന്നും ആറ് ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം.
Read More:വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണും
സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനായി ഏതെങ്കിലും ഫോട്ടോ പതിച്ച ഐഡികാര്‍ഡും പരിശോധനയ്ക്ക് വിധേയമാക്കണം. വിദ്യാര്‍ഥികള്‍ക്കായി 500 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാകും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ സ്റ്റുഡന്റ് ഐഡി കാര്‍ഡ് നല്‍കുകയും ഇതേ ഐഡി സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം.
പ്രവേശനം വൈകുന്നേരം നാലുമുതല്‍
രാത്രി ഏഴ് മണി മുതല്‍ നടക്കുന്ന ട്വന്റിട്വന്റി മത്സരത്തിനായി വൈകിട്ട് നാല് മുതല്‍ കാണികള്‍ക്ക് പ്രവേശിക്കാവുന്നതാണ്. ടിക്കറ്റിന്റെ മറുവശത്ത് സ്റ്റേഡിയത്തില്‍ അനുവദനീയവും നിരോധിതവുമായ കാര്യങ്ങള്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നവര്‍ ഇത് കര്‍ശനമായി പാലിക്കണം. സ്റ്റേഡിയത്തിലേക്ക് കുപ്പിവെള്ളവും ശീതള പാനീയങ്ങളും പുറത്തുനിന്നും കൊണ്ടുവരാന്‍ അനുവദിക്കുന്നതല്ല.
ഇന്ന് വൈകുന്നേരം നടക്കുന്ന ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടന ചടങ്ങില്‍ എംഎല്‍എ അഡ്വ. വികെ പ്രശാന്ത്, ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്, സെക്രട്ടറി ശ്രീജിത്ത് വി നായര്‍, ട്വന്റിട്വന്റി ജനറല്‍ കണ്‍വീനര്‍ സജന്‍ കെ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here