കോട്ടയത്ത് റിട്ട. എസ്‌ഐയുടെ കൊലപാതകം: അയൽവാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കോട്ടയം ഗാന്ധിനഗറിൽ റിട്ട. എസ്‌ഐ ശശിധരന്റെ കൊലപാതകത്തിൽ അയൽവാസി സിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് ദിവസം കസ്റ്റഡിയിൽ സൂക്ഷിച്ച ശേഷമാണ് അറസ്റ്റ്.
പാറമ്പുഴയ്ക്ക് സമീപം കുഴിയിലിപ്പടിയിലെ തോട്ടിൽ സിജുവിനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ശശിധരനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച മഴു ഉപേക്ഷിച്ച സ്ഥലം അന്വേഷിച്ചാണ് തെരച്ചിൽ നടത്തിയത്. ആയുധമെന്ന് സംശയിക്കുന്ന രണ്ട് ചെറിയ ഇരുമ്പ് പൈപ്പുകൾ മാത്രമാണ് തിരച്ചിലിനിടയിൽ ലഭിച്ചത്.
വഴിത്തർക്കത്തിലെ മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കിയാണ് പൊലീസ് സിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും സിജുവിനെ സംഭവവുമായി ബന്ധിപ്പിക്കാവുന്ന തെളിവുകൾ ലഭിച്ചിരുന്നില്ല. ഞായറാഴ്ച പുലർച്ചെയാണ് വീടിന് സമീപത്തെ വഴിയിൽ ശശിധരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അതിനിടെ കസ്റ്റഡിയിലിരിക്കെ രക്ഷപ്പെട്ട സിജുവിനെ പൊലീസ് പിടികൂടിയത് കഴിഞ്ഞ ദിവസമായിരുന്നു. സംഭവത്തിൽ വീഴ്ച പറ്റിയ ഗാന്ധിനഗർ എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here