ക്വാറികളുടെയും പാറമടകളുടെയും പ്രവർത്തനങ്ങളിൽ ജനങ്ങളിൽ ആശങ്ക വർധിച്ചിരിക്കുന്നതായി നിയമസഭ പരിസ്ഥിതി സമിതി

ക്വാറികളുടെയും പാറമടകളുടെയും പ്രവർത്തനങ്ങളെകുറിച്ച് പ്രളയത്തിന് ശേഷം ജനങ്ങളിൽ ആശങ്ക വർധിച്ചിരിക്കുകയാണെന്ന് നിയമസഭ പരിസ്ഥിതി സമിതി. പരിസ്ഥിതി കമ്മിറ്റിക്ക് മുൻപാകെ വരുന്ന പരാതികളിൽ 40 ശതമാനവും ഇതുമായി ബന്ധപ്പെട്ടതാണെന്ന് സമിതി ചെയർമാൻ മുല്ലക്കര രത്‌നാകരൻ എംഎൽഎ പറഞ്ഞു. പരാതി ഉയർന്ന എറണാകുളം ജില്ലയിലെ ക്വാറികൾ സമിതി സന്ദർശിച്ചു.

എറണാകുളം ജില്ലയിലെ ക്വാറികളുടെയും പാറമടകളുടെയും പ്രവർത്തനങ്ങളെ കുറിച്ച് തെളിവെടുപ്പിനെത്തിയതായിരുന്നു നിയമസഭ പരിസ്ഥിതി സമിതി. എംഎൽഎമാരായ എംവിൻസന്റ്, അനിൽ അക്കര, കെ ബാബു, ഒആർകേളു, കെവി വിജയദാസ് എന്നിവരടങ്ങുന്ന സമിതിയാണ് തെളിവെടുപ്പ് നടത്തിയത്. മൂവാറ്റുപുഴ താലൂക്കിലെ കല്ലൂർക്കാട് മണിയന്തടം, തിരുമാറാടി, കുന്നത്തുനാട് താലൂക്കിലെ പൂതൃക്ക, കിഴക്കമ്പലം, അങ്കമാലി താലുക്കിലെ കറുകുറ്റി എന്നിവിടങ്ങളിൽ നിന്ന് ക്വാറികൾക്കെതിരെ പരാതിയുമായി നാട്ടുകാർ നിയമസഭാ സമിതിക്ക് മുമ്പാകെ എത്തി.

പ്രളയത്തിന് ശേഷം ജനങ്ങളിൽ ആശങ്ക വർധിച്ചിരിക്കുകയാണെന്ന് നിയമസഭ പരിസ്ഥിതി സമിതി നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ ജനങ്ങളുടെ ആശങ്ക അകറ്റുന്ന വിധം ശാസ്ത്രീയമായ വിവരശേഖരണവും വിശകലനവുമാണ് കമ്മിറ്റി നടത്തുന്നത്. ഇതിന് ശേഷം റിപ്പോർട്ട് തയ്യാറാക്കുമെന്ന് സമിതി ചെയർമാൻ മുല്ലക്കര രത്‌നാകരൻ എംഎൽഎ പറഞ്ഞു. നിർമാണ മേഖല സ്തംഭിക്കാതെയും പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുമായിരിക്കണം പാറ ഖനനം. കോടതി ഉത്തരവ് ഉണ്ടെന്ന പേരിൽ നിയമ ലംഘനം നടത്താൻ പാറമടകളെ അനുവദിക്കാൻ പാടില്ലെന്നും സമിതി നിർദേശം നൽകി.

പാറമടകളുടെയും ക്വാറികളുടെയും പ്രവർത്തനങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മൈനിങ്ങ് ആന്റ് ജിയോളജി, ജലസേചനം, മലിനീകരണ നിയന്ത്രണ ബോർഡ്, വ്യവസായം, ആരോഗ്യം, പൊലീസ്, വനം, ഭൂഗർഭ ജലം, തുടങ്ങിയ വകുപ്പുകൾ അടിയന്തരമായി നൽകാൻ സമിതി നിർദേശിച്ചു. ഇത് പരിഗണിച്ച ശേഷം അടുത്ത നിയമസഭാ സമ്മേളനത്തിൽ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സമിതി വ്യക്തമാക്കി. തെളിവെടുപ്പിന് ശേഷം സമിതി പരാതി ഉയർന്ന ജില്ലയിലെ ക്വാറികൾ സമിതി സന്ദർശിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top