മജിസ്‌ട്രേറ്റിനെ പൂട്ടിയിട്ട സംഭവം: ‘സ്ത്രീയായി പോയി അല്ലെങ്കിൽ തല്ലിച്ചതച്ചേനെ’യെന്ന് അഭിഭാഷകരുടെ ഭീഷണി

തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ മജിസ്‌ട്രേറ്റിനെ പൂട്ടിയിട്ട സംഭവത്തിൽ ബാർ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ എഫ്‌ഐആർ പുറത്ത്. മജിസ്‌ട്രേറ്റിനെ ഭീഷണിപ്പെടുത്തിയെന്നും തടഞ്ഞു വച്ച് വെല്ലുവിളിച്ചെന്നും എഫ്‌ഐആറിൽ പറയുന്നു.
വാഹനാപകടക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതിനാണ് അഭിഭാഷകർ മജിസ്‌ട്രേറ്റിനെതിരെ പ്രതിഷേധിച്ചത്. ജാമ്യം നിഷേധിച്ച ഉത്തരവ് പിൻവലിക്കുന്നോ ഇല്ലയോ എന്ന് ചോദിച്ചായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കമെന്ന് എഫ്‌ഐആറിൽ. പിന്നാലെ കൂടുതൽ അഭിഭാഷകരെ ചേമ്പറിന് മുന്നിലെത്തിച്ച് പ്രതിഷേധം സംഘടിപ്പിക്കുകയും മജ്‌സ്‌ട്രേറ്റിനെ തടഞ്ഞുവെക്കുകയും ചെയ്തു. ശേഷം ഇവിടെനിന്ന് പുറത്തിറങ്ങുന്നത് കാണട്ടെയെന്ന് അഭിഭാഷകർ വെല്ലുവിളിച്ചു. വക്കീലന്മാരെ പേടിപ്പിക്കേണ്ടായെന്നും സ്ത്രീയായി പോയി അല്ലെങ്കിൽ ചേമ്പറിൽ നിന്ന് വലിച്ച് പുറത്തിട്ട് തല്ലിച്ചതച്ചേനെയെന്നു അഭിഭാഷകർ മജിസ്‌ട്രേറ്റിനെ ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു.
കേസിൽ ആകെ പന്ത്രണ്ട് പ്രതികളിൽ മജിസ്‌ട്രേറ്റിന്റെ ചേമ്പറിന് മുന്നിൽ ആദ്യമെത്തിയ ബാർ അസോസിയേഷൻ പ്രസിഡന്റ് കെപി ജയചന്ദ്രൻ ഒന്നാം പ്രതിയും, സെക്രട്ടറി പാച്ചല്ലൂർ രാധാകൃഷ്ണൻ രണ്ടാം പ്രതിയുമാണ്. കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനും മഹസർ തയ്യാറാക്കാനും വഞ്ചിയൂർ പൊലീസ് ജില്ലാ ജഡ്ജിയോട് അനുമതി തേടി.
അതേസമയം വനിതാ മജിസ്‌ട്രേറ്റിനെ അപമാനിച്ച് അഭിഭാഷകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ശബ്ദസന്ദേശവും പുറത്തായി. ഇവർക്ക് യാതൊരു മുൻപരിചയവുമില്ലെന്നും കോടതിയുടെ വരാന്ത പോലും കണ്ടിട്ടില്ലെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. വീട്ടിലിരുന്ന് പരീക്ഷ എഴുതി പാസായതാണെന്നും കോടതി നടപടിക്രമങ്ങൾ അറിയില്ലെന്നും സന്ദേശത്തിലുണ്ട്.
vanjiyur court, lawyers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here