മജിസ്‌ട്രേറ്റ് ദീപാ മോഹനോട് വിശദീകരണം തേടി കേരള ബാർ കൗൺസിൽ

വഞ്ചിയൂർ കോടതിയിലെ മജിസ്‌ട്രേറ്റ് ദീപാ മോഹനോട് കേരളാ ബാർ കൗൺസിൽ വിശദീകരണം തേടി. മജിസ്‌ട്രേറ്റ് ആയതിന് ശേഷവും അഭിഭാഷകയെന്നുള്ള എൻറോൾമെന്റ് റദ്ദാക്കാത്തതിന്റെ കാരണം വിശദീകരിക്കണം എന്നാവശ്യപ്പെട്ടാണ് ബാർ കൗൺസിൽ നോട്ടീസ് അയച്ചത്. ഇതുസംബന്ധിച്ച് മജിസ്‌ട്രേറ്റിനേട് വിശദീകരണം തേടാൻ കഴിഞ്ഞ ദിവസം ചേർന്ന ബാർ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.
മജിസ്‌ട്രേറ്റും അഭിഭാഷകരും തമ്മിലുള്ള തർക്കത്തിൽ ദീപാ മോഹനെതിരെയാണ് കേരളാ ബാർ കൗൺസിന്റെ നിലപാട്. മജിസ്‌ട്രേറ്റിന്റേത് അപക്വമായ പെരുമാറ്റമാണെന്നും മജിസ്‌ട്രേറ്റിനെ തിരുത്താൻ ജുഡീഷ്യറി തയ്യാറാകണമെന്നും കേരള ബാർ കൗൺസിൽ ആവശ്യപ്പെട്ടു.ടട
നവംബർ 27 ന് ദീപ മോഹനനെ അഭിഭാഷകർ തടഞ്ഞത് വിവാദമായിരുന്നു. വാഹനാപകട കേസിന്റെ വിചാരണയ്ക്കിടെയായിരുന്നു സംഭവം. പ്രതിയായ ഡ്രൈവർ തന്നെ ഭീഷണിപ്പെടുത്തിയതായി വാദിയായ സ്ത്രീ മജിസ്‌ട്രേറ്റിന് മുൻപാകെ മൊഴി നൽകി. ഇത് മജിസ്ട്രേറ്റിനെ ചൊടിപ്പിച്ചു. തുടർന്ന് പ്രതിയുടെ ജാമ്യം റദ്ദാക്കിക്കൊണ്ട് മജിസ്ട്രേറ്റ് ഉത്തരവ് ഇറക്കുകയായിരുന്നു. ഇതോടെ അഭിഭാഷകർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം കനത്തതോടെ ചേംബറിലേക്ക് മടങ്ങിയ മജിസ്‌ട്രേറ്റിനെ അഭിഭാഷകർ തടഞ്ഞുവയ്ക്കുകയായിരുന്നു.