കേരള പൊലീസ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നു

കേരള പൊലീസ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നു. പ്രതിമാസം ഒരു കോടി നാല്‍പത്തിനാല് ലക്ഷം രൂപ ചിലവാക്കി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ ഉടന്‍ ധാരണാപത്രം ഒപ്പിടും. മാസങ്ങള്‍ നീണ്ട ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ തീരുമാനമായത്.

ഹെലികോപ്റ്റര്‍ വാങ്ങാനായിരുന്നു ആദ്യ നീക്കമെങ്കിലും നഷ്ടം പരിഗണിച്ചു ഉപേക്ഷിക്കുകയായിരുന്നു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു. ഡല്‍ഹി ആസ്ഥാനമായുള്ള പവന്‍ഹാന്‍സ് എന്ന കമ്പനിയുമായാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്.

പ്രതിമാസം ഒരു കോടി നാല്‍പത്തിനാല് ലക്ഷം രൂപ നല്‍കിയാണ് ഹെലികോപ്പ്റ്റര്‍ വാടകയ്ക്കെടുക്കുന്നത്. 11 സീറ്റുള്ള ഹെലികോപ്ടറാണ് വാടകയ്‌ക്കെടുക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടും ഇതിനായി ഉപയോഗിക്കും. നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രകൃതിക്ഷോഭ സമയത്തെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുമായിരിക്കും ഹെലികോപ്റ്റര്‍ പ്രധാനമായും ഉപയോഗിക്കുക. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പ്രതിവര്‍ഷം കോടികള്‍ ചിലവഴിച്ചു ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top